യുവനടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിസ്താരങ്ങള്‍ ഇന്ന് നടക്കും. കാവ്യ മാധവന്റെ അമ്മയെയും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കോടതി ഇന്ന് വിസ്തരിക്കും. കേസില്‍ ഇതുവരെ 38 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. ഏപ്രില്‍ ഏഴ് വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ഇന്നത്തെ വിസ്താരം ഏറെ നിര്‍ണായകമായിരിക്കും. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അറിയാവുന്ന വ്യക്തിയാണ് ഇടവേള ബാബു. കൂടാതെ കാവ്യയുടെ അമ്മയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ കോടതിക്ക് ലഭിച്ചേക്കുമെന്നാണ് സൂചന.
അതേസമയം യുവനടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ ഗായിക റിമി ടോമിയെ വിസ്തരിച്ചു. എന്നാല്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ വിസ്താരത്തിന് ഹാജരായില്ല. കഴിഞ്ഞാഴ്ച കുഞ്ചാക്കോ ബോബനോട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അവധി അപേക്ഷ നല്‍കാതെ കുഞ്ചാക്കോ ബോബന്‍ ഹാജരാകാത്തതില്‍ ആയിരുന്നു കോടതിയുടെ നടപടി. എന്നാല്‍ ഇന്നും ഹാജരാകാത്തതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബന്‍ കോടതിയില്‍ അപേക്ഷ നല്‍കി.തുടര്‍ന്ന് വരുന്ന 9 ന് ഹാജരാകാന്‍ കോടതി അനുവദം നല്‍കി.