27 C
Kollam
Thursday, July 25, 2024
HomeNewsCrimeനടിയെ ആക്രമിച്ച കേസ്; വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി

നടിയെ ആക്രമിച്ച കേസ്; വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി. ജഡ്ജി ഹണി എം.വര്‍ഗീസാണ് കൂടുതല്‍ സമയം തേടി സുപ്രീംകോടതിയെ സമീപിച്ചത്. 6 മാസത്തെ സമയമാണ് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.

ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉള്‍പ്പെട്ട ബെഞ്ച് തിങ്കളാഴ്ച ഈ ആവശ്യം പരിഗണിക്കും. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ ഹര്‍ജിയും തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവും സുപ്രീംകോടതി മുന്നോട്ടു വച്ചിട്ടുണ്ട്. അതേസമയം ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാകും ഇനി മുതല്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുക.

ചീഫ് ജസ്റ്റിസ് യു.യു.ലളിതാണ് ഹര്‍ജികള്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. ജസ്റ്റിസ് എ.എം.ഖാന്‍വില്‍കര്‍ ആണ് നേരത്തെ കേസുകള്‍ പരിഗണിച്ചിരുന്നത്. അദ്ദേഹം വിരമിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേസ് ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്.

നടിയെ ആക്രമിച്ച കേസിലെ വിചാരണ 6 മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ട സുപ്രീംകോടതി ബെഞ്ചില്‍ ജസ്റ്റിസ് എ.എം.ഖാന്‍വില്‍കര്‍ക്കൊപ്പം ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ഉണ്ടായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments