കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ തിരുവനന്തപുരത്തും കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം.തമലത്താണ് സംഭവം. പട്ടാപ്പകല്‍ ഉറങ്ങി കിടന്നിരുന്ന ഒരു വയസ്സുകാരനെയാണ് രണ്ടു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തടയാന്‍ ശ്രമിച്ച അമ്മയെ പ്രതികള്‍ തളളി മറിച്ചിട്ട ശേഷം മുളകുപൊടി പ്രയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
അമ്മയും കുഞ്ഞും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
ശുചി മുറിയില്‍ നിന്ന് ഇറങ്ങി വന്ന അമ്മ കണ്ടത് രണ്ട് പേര്‍ ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതാണ്. ഉടന്‍ തന്നെ കുട്ടിയെ അവരുടെ പക്കല്‍ നിന്നും അമ്മ പിടിച്ച് വലിച്ചു. ഈ സമയം കുട്ടിയെ പിടിച്ചിരുന്ന പ്രതി അമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി.
പിടി വിടാതായതോടെ മതിലിന്റെ മറുവശത്ത് ഉണ്ടായിരുന്ന മറ്റൊരു പ്രതി ഇവരുടെ സമീപം മതില്‍ കടന്നെത്തി മുളകുപ്പൊടി എറിയുകയും ചെയ്തെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കരമന പൊലീസ് കേസെടുത്തു. പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.