സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ പാര്‍ട്ടി ചിഹ്നത്തിന് വേണ്ടിയും കേരളാ കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലാണ് പിജെ ജോസഫ് പക്ഷം. പാലായിലേത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്ലെന്നും പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥി മാത്രമാണെന്നും അതു കൊണ്ട് ചിഹ്നം നല്‍കില്ലെന്ന നിലപാടാണ് ജോസഫ് പക്ഷം കഴിഞ്ഞ ദിവസം തീരുമാനമെടുത്തത്.
ഇക്കാര്യം കോൺഗ്രസ് നേതാക്കൾ വഴി ജോസ് കെ മാണിയെ അദ്ദേഹം അറിയിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. ചിഹ്നത്തിൻ മേൽ വീണ്ടും ഒരു ചർച്ചയ്ക്കില്ലെന്നും പിജെ ജോസഫ് കോട്ടയത്ത് വ്യക്തമാക്കി.
അതേസമയം, രണ്ടില ചിഹ്നം ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ജോസ് ടോം മാധ്യമങ്ങളോട് പറഞ്ഞു. അതല്ല , മറ്റ് ചിഹ്നമാണ് കിട്ടുന്നതെങ്കിലും തെരഞ്ഞെടുപ്പിനെ അത് ബാധിക്കില്ലെന്നും ജോസ് ടോം വ്യക്തമാക്കി.
അതേസമയം, ജോസ് വിഭാഗം ഇതുവരെ ചിഹ്നം ആവശ്യപ്പെട്ടിട്ടില്ലെന്നും ജോസഫ് വിഭാഗം ആരോപിച്ചു. ആവശ്യപ്പെടാതെ എങ്ങനെ ചിഹ്നം നല്‍കാനാകുമെന്നാണ് ജോസഫ് വിഭാഗം ചോദിക്കുന്നത്.
ജോസ് ടോമിന്‍റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി ജെ ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജോസ് ടോം യുഡിഎഫിന്‍റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണെന്നും ഈ നിലയ്ക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുക മാത്രം ചെയ്യുമെന്നും ജോസഫ് വ്യക്തമാക്കി.