എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ സെപ്റ്റംബർ 20നകം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി . ഫ്ലാറ്റ് പൊളിച്ചതിന് ശേഷം അന്ന് തന്നെ റിപ്പോർട്ട് നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചു. ഉത്തരവ് നടപ്പാക്കിയ ശേഷം 23ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ ഹാജരാകാനും ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ കഴിഞ്ഞ മേയ് എട്ടിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നം പഠിക്കാൻ നിയോഗിച്ച ചെന്നെെ എ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകാമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. എന്നാൽ അത്തരം മുടന്തൻ ന്യായങ്ങൾ കേൾക്കേണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. 14 ദിവസത്തിനകം ഫ്ലാറ്റ് പൊളിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറി ജയിലിൽ കിടക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിങ്, കായലോരം അപാർട്ട്‌മെന്റ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരിവിനെ തുടർന്ന് പൊളിക്കേണ്ടത്. അഞ്ച് കെട്ടിടങ്ങളിലായി അഞ്ഞൂറിലധികം ഫ്ളാറ്റുകളാണുള്ളത്.