സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തു നിന്നും നീക്കും ; കോര്‍പറേഷന്‍ ഭരണം വോട്ട് കുറപ്പിച്ചു; പാര്‍ട്ടിയും പ്രതിപക്ഷവും ഒരേ സ്വരത്തില്‍ പറയുന്നു സൗമിനി ഒഴിയണം

181

സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തുനിന്നും മാറ്റാനൊരുങ്ങി കോണ്‍ഗ്രസ്. കൊച്ചി കോര്‍പറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് നീക്കം. ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സൗമിനി ജെയിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈബി ഈഡന്‍ എം.പി മുന്നോട്ട് വന്നിരുന്നു. ഭരണ പരാജയത്തിന്റെ ഉത്തരവാദിത്വം മേയര്‍ ഏറ്റെടുക്കണമെന്നും സ്വതന്ത്ര പദവിയുണ്ടായിട്ടു പോലും പ്രവര്‍ത്തനം പരാജയമായിരുന്നുവെന്നും എം.പി. പരസ്യമായി ആരോപിച്ചു. നിലവില്‍ എ ഗ്രൂപ്പുകാരിയായ സൗമിനിയെ എതിര്‍ത്ത് ഐ ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്.
ഹൈബി ഈഡന്‍ നടത്തിയ വിമര്‍ശനവും ഇതിന്റെ ഭാഗമായി കണക്കാക്കാം. ഉറച്ച കോട്ടയായ എറണാകുളത്ത് 10,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫ് വെച്ചു പുലര്‍ത്തിയത് . എന്നാല്‍, ലഭിച്ചതാകട്ടെ വെറും 3,750 വോട്ടും. ഇതോടെ സൗമിനിയെ മാറ്റണമെന്ന് കോണ്‍ഗ്രസ് ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു. പിന്നാലെ
സൗമിനി ജെയിനെതിരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വേണുഗോപാലും രംഗത്തെത്തിയിരുന്നു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്ന കാര്യത്തില്‍ മേയര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സൗമിനി ജെയിനെ മാറ്റുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും ഇവരെ തെരുവില്‍ തടയുമെന്നും കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി പറഞ്ഞു.അതേസമയം ഇന്നലെ തന്നെ മേയര്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്ന് മേയര്‍ ആവര്‍ത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here