വിമത എന്‍.സി.പി എം.എല്‍.എമാരെ കാണാനും അവരെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനും അധ്യക്ഷന്‍ ശരദ് പവാറും ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും മുംബൈയിലെ ഹോട്ടലിലെത്തി.
ആദ്യം ശരദ് പവാറാണ് വിമതരെ കാണാനെത്തിയത്. തൊട്ടുപിറകെ ഉദ്ധവ് താക്കറെയും എത്തുകയായിരുന്നു. സോഫിടെല്‍ ഹോട്ടലിലാണ് എം.എല്‍.എമാര്‍ താമസിക്കുന്നത്.
എന്‍.സി.പി വക്താവ് നവാബ് മാലിക്കും ശരദ് പവാറിനൊപ്പമെത്തിയിരുന്നു. നേരത്തേ ട്രിഡെന്റ് ഹോട്ടലിലെത്തി അജിത് പവാറിനെ കണ്ടതിനു ശേഷമാണ് ശരദ് പവാര്‍ വിമതരെ കാണാന്‍ പോയത്.
വിമത എം.എല്‍.എമാരെ കൂടെനിര്‍ത്താനും അതുവഴി നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പിയെ താഴെയിറക്കാനുമുള്ള നീക്കങ്ങള്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സജീവമായി നടത്തുകയാണ് ഈ മണിക്കൂറുകളില്‍. അതേസമയം,സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് ബി.ജെ.പി നേതൃത്വം.
നാളത്തെ വിശ്വാസവോട്ടെടുപ്പോടെ കാര്യങ്ങള്‍ എല്ലാം വ്യക്തമാകുമെന്നാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പ്രതികരിച്ചിരിക്കുന്നത്.
14 ദിവസത്തെ സമയം അനുവദിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം നിരസിച്ചുകൊണ്ടായിരുന്നു നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദേശം സുപ്രീം കോടതി മുന്നോട്ടുവെച്ചത്.
ഒട്ടും വൈകാതെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് സഖ്യത്തിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഇന്നത്തെ ഇടപെടല്‍.