മഹാരാഷ്ട്രയില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് കര്‍ണാടകയില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനം. കര്‍ണാടകയില്‍ അന്ന് ഗവര്‍ണര്‍ അനുവദിച്ച സമയം വെട്ടിക്കുറച്ച് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
കര്‍ണാടകത്തിലും ബി.ജെ.പി ഭരണത്തിലെത്തിയ ശേഷമായിരുന്നു നിര്‍ണായകമായ സുപ്രീം കോടതി ഉത്തരവ് . കഴിഞ്ഞവര്‍ഷം മേയില്‍ ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും അതിനെ എതിര്‍ത്ത് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സുപ്രീം കോടതിയെ സമീപിക്കുകയുമായിരുന്നു. തുടര്‍ന്ന് കേസില്‍ രാത്രി വൈകി വാദം കേട്ട സുപ്രീം കോടതി ബി.ജെ.പി സര്‍ക്കാരിനോട് തൊട്ടടുത്ത ദിവസം തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനു മുന്‍പേ യെദ്യൂരപ്പ രാജിവെച്ച് ഒഴിഞ്ഞു. ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാതെ വന്നപ്പോഴായിരുന്നു രാജി.
അന്ന് ഗവര്‍ണര്‍ വാജുഭായ് വാല അനുവദിച്ച 15 ദിവസത്തെ സമയം വെട്ടിക്കുറച്ചാണ് സുപ്രീം കോടതി ഇടപെട്ടത്. അതേസമയം മഹാരാഷ്ട്രയില്‍ നവംബര്‍ 30 വരെ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി അനുവദിച്ച സമയമാണ് ഇപ്പോള്‍ വീണ്ടും സുപ്രീം കോടതി വെട്ടിക്കുറച്ചിരിക്കുന്നത്.
പരസ്യബാലറ്റിലൂടെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. മാധ്യമങ്ങള്‍ വോട്ടെടുപ്പ് പരസ്യമായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നു.
വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണം. എന്നാല്‍ പ്രോം ടേം സ്പീക്കറെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ തീരുമാനം വന്നിട്ടില്ല. എം.എല്‍.എമാര്‍ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് നാളെത്തേക്ക് മാറ്റിയത്.
വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ 14 ദിവസത്തെ സമയം വേണമെന്ന് ബി.ജെ.പിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യം തള്ളുകയും 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ് അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി ആവശ്യം കോടതി പരിഗണിക്കുകയുമായിരുന്നു.