ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടു മത്സരങ്ങളിലും പ്രമുഖ ടീമുകള്‍ക്ക് നിരാശ. മാഞ്ചസ്റ്റല്‍ യുണൈറ്റഡിനെ 1-1ന് എവര്‍ട്ടണ്‍ തളച്ചപ്പോള്‍ ടോട്ടനത്തിനെ 3-2ന് വൂള്‍വ്സ് തോല്‍പ്പിച്ചു. ശനിയാഴ്ച നടന്ന മത്സരങ്ങളില്‍ ചെല്‍സിക്ക് സമനിലയും തോല്‍ക്കാതെ മുന്നേറിയ ലിവര്‍പൂളിന് പരാജയവുമടയേണ്ടിവന്നു.
മാഞ്ചസ്റ്ററിനെതിരെ കളിയുടെ മൂന്നാം മിനിറ്റില്‍ത്തന്നെ എവര്‍ട്ടണ്‍ ലീഡ് നേടി. ഡോമിനിക് കാള്‍വെര്‍ട്ട ലെവിനാണ് സ്റ്റാര്‍ ടീമിന്റെ ഗോള്‍വല കുലുക്കിയത്. കളിയുടെ 31-ാം മിനിറ്റില്‍ യുണൈറ്റഡിനായി ബ്രൂണോ ഫെര്‍ണാണ്ടസ് സമനില ഗോള്‍ നേടി.
രണ്ടാം മത്സരത്തില്‍ ടോട്ടനത്തിനെതിരെ വൂള്‍വ്സ് ശക്തമായ പോരാട്ടത്തിലൂടെയാണ് 3-2ന്റെ ജയം പിടിച്ചുവാങ്ങിയത്. പരസ്പരം ഗോളടിച്ച് മുന്നേറിയ ഇരുടീമുകളിലും അവസാന അവസരം മുതലാക്കിയും പ്രതിരോധം ശക്തമാക്കിയുമാണ് അട്ടിമറി ടീമാണെന്ന് വൂള്‍വ്സ് തെളിയിച്ചത്. കളിയുടെ 13-ാം മിനിറ്റില്‍ സ്റ്റീവന്‍ ബെര്‍ഗ്വിന്‍ ടോട്ടനത്തിനായി ആദ്യ ഗോള്‍നേടി. എന്നാല്‍ 27-ാം മിനിറ്റില്‍ മാറ്റ് ഡോറട്ടി സമനില പിടിച്ചു. ആദ്യ പകുതി യുടെ അവസാന മിനിറ്റില്‍ സെര്‍ഗീ ഔറിയര്‍ടോട്ടനത്തിനെ 2-1ന് മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ 57-ാം മിനിറ്റില്‍ വൂള്‍വ്സിനായി ഡീദോ ജോട്ടാ സമനില ഗോള്‍ നേടി. 73-ാം മിനിറ്റില്‍ റൗള്‍ ജിമിനെസ് ടോട്ടനത്തിനെ ഞെട്ടിച്ച് 3-2ന് വിജയഗോള്‍ നേടി.
ശനിയാഴ്ച ചെല്‍സിയെ 2-2ന് ബേണ്‍മൗത്ത് തളച്ചപ്പോള്‍ സ്വപ്നതുല്യമായ വിജയക്കുതിപ്പ് നടത്തിയ ലിവര്‍പൂളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വാട്ട്ഫോര്‍ഡ് നാണം കെടുത്തി.