ഇന്ത്യയുടെ ബോര്‍ഗോഹെയ്ന്‍ ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ മെഡലുറപ്പിച്ചു. 69 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോകചാമ്പ്യനായ ചൈനയുടെ നീന്‍ ചിന്‍ ചെന്നിനെയാണ് പരാജയപ്പെടുത്തിയത്. 4-1ന് പരാജയപ്പെടുത്തിയാണ് സെമി പ്രവേശം.
ആദ്യ റൗണ്ടില്‍ ബൈ നേടി രണ്ടാം റൗണ്ടില്‍ ജര്‍മന്‍ താരത്തെ കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് 23കാരിയായ ലവ്‌ലിന ക്വാര്‍ട്ടറിലിറങ്ങിയത്. 2018 ലോക ചാംപ്യന്‍ഷിപ്പില്‍ ലവ്‌ലിനയെ തോല്‍പ്പിച്ചിട്ടുള്ള ചെന്നിനെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത് ലവ്‌ലിനക്ക് മധുരപ്രതികാരം കൂടിയായി.
കൊകുകിഗാന്‍ അറീനയിലെ റിങ്ങില്‍ സമ്പൂര്‍ണ ആധിപത്യമാണ് എതിരാളികള്‍ക്കെതിരെ ലവ്ലിന പുലര്‍ത്തിയത്. 64-69 കിലോ വിഭാഗത്തിലെ മുന്‍ ലോക ചാമ്പ്യനാണ് ചെന്‍ നീന്‍ ചിന്‍. ഒളിംപിക്സ് ബോക്സിങ്ങില്‍ ഇന്ത്യയ്ക്കായി മൂന്നാമത്തെ മെഡല്‍ നേടുന്ന താരം കൂടിയാണ് ലവ്ലിന.
മേരികോമും വിജേന്ദര്‍ സിങ്ങുമാണ് മറ്റു രണ്ടു പേര്‍. ഇന്നലെ മെഡല്‍ പ്രതീക്ഷയായ മേരി കോം പ്രീക്വോര്‍ട്ടറില്‍ തോറ്റു പുറത്തായിരുന്നു. കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടായിരുന്നു തോല്‍വി. 3-2നായിരുന്നു വലന്‍സിയയുടെ ജയം.