സിറിയ- തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ കുര്‍ദ്ദുകള്‍ക്കെതിരെ സൈനിക ആക്രമണം നടത്തി തുര്‍ക്കി. യുദ്ധവിമാനങ്ങളും പീരങ്കികളും ഉപയോഗിച്ചാണ് അതിര്‍ത്തിയില്‍ ആക്രമണം തുടരുന്നത്. സൈനിക നടപടി ആരംഭിച്ചതോടെ സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് പതിനായിരങ്ങളാണ് പാലായനം തുടരുന്നത്. അതിര്‍ത്തിയില്‍ കുര്‍ദ്ദുകള്‍ അധികമുള്ള പ്രദേശങ്ങളിലാണ് ആക്രമണം നടത്തി വരുന്നത്.
ആക്രമണം തുടരവെ സിറിയന്‍ നഗരമായ റാസ് അല്‍ ഐനില്‍ നിന്ന് ആയിരങ്ങളാണ് പലായനം ചെയ്തത്. വ്യോമാക്രമണത്തില്‍ രണ്ടുപേര്‍ ഇതുവരെ കൊല്ലപ്പെട്ടിടുണ്ടെന്നാണ് അന്താരാഷ്ട്ര വൃന്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.കുര്‍ദ്ദുകള്‍ക്ക് സ്വാധീനമുള്ള ഈ മേഖലയെ ഭീകരവാദ ഇടനാഴിയെന്നാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ വിശേഷിപ്പിക്കുന്നത്. ഈ പ്രദേശത്തുനിന്ന് ഭീകവാദികളെ തുരത്തുമെന്ന് എര്‍ദോഗന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
തുര്‍ക്കിയെ ലക്ഷ്യം വെച്ചിരിക്കുന്ന കുര്‍ദ്ദിഷ് തീവ്രവാദികളുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടത്തുന്നതെന്നാണ് തുര്‍ക്കി സൈന്യം നല്‍കുന്ന വിശദീകരണം. കുര്‍ദ്ദുകളെ മേഖലയില്‍ നിന്ന് ഒഴിപ്പിച്ചാല്‍ മാത്രമെ അതിര്‍ത്തി സുരക്ഷിതമാകൂവെന്നാണ് തുര്‍ക്കി നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ തുര്‍ക്കിയുടെ നടപടിയില്‍ ലോകരാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.