പൊടുന്നനെ കലാപ ഭൂമിയായി മാറിയ ദില്ലിയില്‍ ഹിന്ദു യുവതിയുടെ വിവാഹ നടത്തിപ്പിന് കാവലായി എത്തിയത് മുസ്ലീം സഹോദരങ്ങള്‍. ദില്ലിയിലെ വടക്ക് കിഴക്ക് ഭാഗത്തുള്ള ചാന്ദ് ബാഗിലാണ് സംഭവം. കലാപത്തില്‍ ഏറ്റവും അധികം അക്രമം നടന്ന പ്രദേശമായിരുന്നു ചാന്ദ് ബാഗ്. കലാപം രൂക്ഷമായപ്പോള്‍ കല്യാണം മുടങ്ങിപ്പോവുമെന്ന് കരുതിയ സമയത്താണ് അയല്‍ക്കാരായ മുസ്ലീം സഹോദരങ്ങള്‍ സഹായത്തിനെത്തിയത്. വധുവായ സാവിത്രി പ്രസാദ് പറയുന്നു.
ചാന്ദ് ബാഗില്‍ ചൊവ്വാഴ്ച സ്ഥിതിഗതികള്‍ അത്ര സുഖകരമായിരുന്നില്ല. കാര്യങ്ങള്‍ ഇത്രയധികം കൈവിട്ട് പോകുമെന്ന് സാവിത്രിയുടെ കുടുംബം തീര്‍ത്തും കരുതിയിരുന്നതുമില്ല. വിവാഹദിനത്തില്‍ ചാന്ദ് ബാഗിലേക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു വരനും ബന്ധുക്കള്‍ക്കും. ഈ സമയം കല്ലേറും അക്രമവും നടന്നപ്പോള്‍ മുസ്ലീം സഹോദരങ്ങള്‍ കാവലായി എത്തിയെന്ന് സാവിത്രി പ്രസാദ് പറയുന്നു. വീട്ടുകാര്‍ തളര്‍ന്നു പോയ അവസ്ഥയില്‍ വരനെയും ബന്ധുക്കളെയും വിവാഹ പന്തലില്‍ എത്തിക്കാനും താലി കെട്ടു വരെ അക്രമകാരികള്‍ അടുക്കാതിരിക്കാനും ഈ മുസ്ലീം സഹോദരങ്ങള്‍ ശ്രമിച്ചു. അയല്‍ പക്കക്കാരായ മുസ്ലീം സഹോദരങ്ങളുമായി വ്യക്തി ബന്ധം പുലര്‍ത്തുന്നയാളാണ് സാവിത്രിയുടെ അച്ഛന്‍ ഭോപ്‌ഡെ പ്രസാദ്. കലാപം നടക്കുമ്പോള്‍ വീടിനു മുകളിലൂടെ തീ ഉയരുന്നത് കണ്ടെന്നും എന്തായാലും ഇതൊന്നും ചെയ്തത് തന്റെ അയല്‍ക്കാരല്ലെന്നും ഭോപ്‌ഡെ പറയുന്നു. കലാപം ഉണ്ടാകുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്നും ഇതിന്റെ ഒക്കെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് അറിയില്ലെന്നും ഭോപ്‌ഡെ പറഞ്ഞു.