അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനൊപ്പം തന്നെ മസ്ജിദ് നിര്‍മാണത്തിനും ഒരുക്കങ്ങള്‍ തുടരുന്നു. മസ്ജിദ് നിര്‍മാണത്തിന് അയോധ്യയിലെ നാല് സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരിക്കുന്നത്. പക്ഷെ കണ്ടെത്തിയിരിക്കുന്ന വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ജില്ലാ മജിസ്‌ട്രേറ്റ് തയ്യാറായില്ല. സുപ്രീം കോടതി വിധി പ്രകാരമാണ് മസ്ജിദ് നിര്‍മിക്കാന്‍ അയോധ്യയില്‍ നാലിടങ്ങള്‍ പരിഗണിക്കുന്നതെന്നാണ് ജില്ലാ മജിസ്ട്രേട്ട് അനുജ് ഝാ പറയുന്നത്. എന്നാല്‍ ഇവ എവിടെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാമജന്മഭൂമിക്കു ചുറ്റും സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറിനുള്ളിലായിരിക്കുമോ മസ്ജിദ് നിര്‍മ്മിക്കുന്നതെന്നും ഇപ്പോള്‍ പറയാനാവില്ല. തീര്‍ഥാടകര്‍ പഞ്ചകോശി പരിക്രമം (15 കിലോമീറ്റര്‍ ചുറ്റളവിലുള്ള ക്ഷേത്രങ്ങളിലെ ദര്‍ശനം) കഴിഞ്ഞാണു രാമജന്മഭൂമിയിലെത്തുന്നത്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിയ്ക്കാമെന്നും മസ്ജിദ് പണിയാനായി അഞ്ചേക്കര്‍ സ്ഥലം ഉടന്‍ കണ്ടെത്തണമെന്നും സുപ്രീംകോടതി നവംബര്‍ 9ന് വിധിച്ചിരുന്നു.