25.2 C
Kollam
Tuesday, December 10, 2024
HomeMost Viewedആനക്കൊമ്പ് കേസ്; വിചാരണക്കോടതി ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി

ആനക്കൊമ്പ് കേസ്; വിചാരണക്കോടതി ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള വിചാരണക്കോടതി ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് ഹര്‍ജി നല്‍കിയില്ലെന്നും കോടതി ചോദിച്ചു. ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി പെരുമ്പാവൂര്‍ കോടതി തള്ളിയതിനെതിരെയാണ് നടന്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ കോടതി സര്‍ക്കാര്‍ വിശദീകരണം തേടി.

ഓണവധി കഴിഞ്ഞു ഹര്‍ജി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ആനക്കൊമ്പ് പിടികൂടുമ്പോള്‍ മോഹന്‍ലാലിന് ഉടമസ്ഥാവകാശ രേഖയുണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയാല്‍ എങ്ങനെയാണ് കേസിലെ പ്രതിയായ മോഹന്‍ലാല്‍ ഹര്‍ജി നല്‍കുന്നതെന്നും എന്തുകൊണ്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയില്ലെന്നും കോടതി ചോദിച്ചു.

പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും മോഹന്‍ലാലിന്റെ ഹര്‍ജിയിലുണ്ട്. 2012 ല്‍ ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്.

4 ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments