28.5 C
Kollam
Thursday, November 7, 2024
HomeLocalകോവിഡ് നിയന്ത്രണങ്ങൾ; കൊല്ലം ജില്ല എ കാറ്റഗറിയിൽ

കോവിഡ് നിയന്ത്രണങ്ങൾ; കൊല്ലം ജില്ല എ കാറ്റഗറിയിൽ

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കി ജില്ല നിലവിൽ എ കാറ്റഗറിയിലാണ്.

ജനുവരി 23ഉം അടുത്ത ഞായറാഴ്ചയും കർശന നിയന്ത്രണങ്ങൾ ഏർപെടുത്തുന്നു.

കോവിഡ് ബാധിതരായി ജില്ലയില്‍ ആശുപത്രികളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ആരോഗ്യ വകുപ്പ് ലഭ്യമാക്കുന്ന മുറക്ക് നിയന്ത്രണങ്ങള്‍ പുനക്രമീകരിക്കും.

എ വിഭാഗത്തിൽ ഉള്‍പ്പെട്ടു വരുന്നതിനാല്‍ ജില്ലയിൽ എല്ലാ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മതപരമായ, സാമുദായിക, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും 50 പേർക്ക് മാത്രം പങ്കെടുക്കാവുന്നതാണ്.

ജില്ലയിലെ വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും താലൂക്ക് സ്ക്വാഡുകള്‍ ഉറപ്പു വരുത്തേണ്ടതാണ്. സർക്കാർ / സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ ഡോക്‌ടർമാരുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അനുവാദം നൽകും.

മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടിങ്ങളിൽ സാനിറ്റൈസർ ഉപയോഗം, ശാരീരിക അകലം ഉൾപ്പെടെയുളള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നു എന്ന് സ്ഥാപന ഉടമ ഉറപ്പാക്കണം.

ഒൻപതാം തരം വരെയുളള ക്ലാസുകൾ രണ്ടാഴ്ചത്തേയ്ക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്. എന്നാൽ തെറാപ്പി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകൾക്ക് ഇത് ബാധകമായിരിക്കില്ല.

രോഗബാധിതർ കൂടുതലും വീടുകളിലായതിനാൽ ടെലി മെഡിസിൻ വ്യാപകമാക്കണം. വീടുകളിൽ കഴിയുന്നവർക്ക് പരിചരണം ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പാക്കണം. വാർഡ് തല സമിതികൾ വീടുകൾ കേന്ദ്രീകരിച്ച് രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പ് വരുത്തണം.

നിലവിലെ കോവിഡ് സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ ചുവടെയുള്ള അവശ്യ സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു.

എല്ലാ സംസ്ഥാന, കേന്ദ്ര സർക്കാർ ഓഫീസുകളും അവയുടെ സ്വയംഭരണ സ്ഥാപനങ്ങളും കൂടാതെ അടിയന്തര സേവനങ്ങളും അവശ്യ സേവനങ്ങളും കൈകാര്യം ചെയ്യുന്ന കോർപ്പറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് കൊവിഡ് നിയന്ത്രണവും മാനേജ്മെന്റ് ചുമതലകളും നിര്‍വ്വഹിക്കുന്നതിനായി തുറന്ന് പ്രവർത്തിക്കാവുന്നതാണ് (വകുപ്പ് മേധാവി നിര്‍ദ്ദേശിച്ച പ്രകാരം ആവശ്യമെങ്കില്‍). ഉദ്യോഗസ്ഥര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ യാത്ര ചെയ്യാവുന്നതാണ്.
അടിയന്തര സേവനങ്ങളും അവശ്യ സേവനങ്ങളും കൈകാര്യം ചെയ്യുന്ന എല്ലാ വ്യവസായങ്ങളും/കമ്പനികളും/ഓർഗനൈസേഷനുകളും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. അത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓഫിസ് മേലധികാരി നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ യാത്ര ചെയ്യാവുന്നതാണ്.

ടെലികോം, ഇന്റർനെറ്റ് സേവന ദാതാക്കളുടെ ജീവനക്കാര്‍ക്കും വാഹനങ്ങള്‍ക്കും അതത് സ്ഥാപന മേധാവികള്‍ അനുവദിച്ച് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കുന്നതാണ്. ഐ ടി അനുബന്ധ സ്ഥാപനങ്ങള്‍ക്ക് അവശ്യ ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ച് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും, വാക്സിനേഷൻ എടുക്കാൻ പോകുന്നവര്‍ക്കും ആശുപത്രി / വാക്സിനേഷന്‍ രേഖകളുടെ അടിസ്ഥാനത്തില്‍ യാത്ര ചെയ്യാവുന്നതാണ്.

ദീർഘദൂര ബസ് സർവീസുകൾ, ട്രെയിനുകൾ, വിമാന യാത്രകൾ എന്നിവ അനുവദനീയമാണ്. പൊതുഗതാഗതം, ചരക്ക് വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ, ടാക്സി എന്നിവയുടെ നീക്കം അഗ്രിഗേറ്റർമാരുടെ ക്യാബുകൾ ഉൾപ്പെടെ അനുവദനീയമാണ്. എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, എന്നിവിടങ്ങളിലേക്കും തിരിച്ചും യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിന് ബസ് ടെർമിനലുകൾ / സ്റ്റോപ്പുകൾ / സ്റ്റാൻഡുകൾ എന്നിവ അനുവദനീയമാണ്. ഇത്തരം യാത്രകള്‍ യാത്ര രേഖകളുടെ അടിസ്ഥാനത്തിലും കോവിഡ് പ്രോട്ടോക്കോളുകളുടെ അടിസ്ഥാനത്തിലുമായിരിക്കണം.

ഭക്ഷണം, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാലുല്‍പ്പന്നങ്ങള്‍, മദ്യം, മാംസം, മത്സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതൽ രാത്രി 9 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. അവശ്യ വസ്തുക്കളുടെ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതും. വീടിന് സമീപത്തുള്ള കടകളില്‍ നിന്ന് അവശ്യ വസ്തുകള്‍ വാങ്ങേണ്ടതും പുറത്തേക്കള്ള യാത്രകള്‍ ഒഴിവാക്കേണ്ടതുമാണ്.
ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദനീയമല്ല. എന്നാല്‍ ടേക്ക് എവേ ഹോം ഡെലിവറി മാത്രം രാവിലെ 7 മുതൽ രാത്രി 9 വരെ അനുവദനീയമാണ്.

വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം.

ഇ-കൊമേഴ്‌സ്, കൊറിയർ പ്രവർത്തനങ്ങൾ ഹോം ഡെലിവറിക്ക് മാത്രം രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ അനുവദനീയമാണ്.

ഞായറാഴ്ചയിലെ ടൂറിസത്തിനായി മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളതും വൗച്ചറുകള്‍ കൈവശമുള്ളതുമായ ടൂറിസത്തിന് അനുമതിയുണ്ട് അവരുടെ കാറുകളിൽ / ടാക്‌സികളിൽ യാത്ര ചെയ്യുകയും ഹോട്ടൽ/റിസോർട്ട് പരിസരത്ത് താമസിക്കുകയും ചെയ്യേണ്ടതാണ്.

വിവിധ ഇന്ധനങ്ങളുടെ നീക്കം അനുവദനീയമാണ്.

മത്സര പരീക്ഷകളുടെ നടത്തിപ്പിനായി ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപനമേധാവി നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡും പരീക്ഷ എഴുതുന്നതിനായി ഉദ്യോഗാർത്ഥികള്‍ അഡ്മിറ്റ് കാർഡുകൾ/ഹാൾ ടിക്കറ്റ് എന്നിവ യാത്ര വേളയില്‍ പരിശോധനക്ക് നല്‍കേണ്ടതാണ്.
ഡിസ്പെൻസറികൾ/മെഡിക്കൽ സ്റ്റോറുകൾ/ആശുപത്രികൾ/മെഡിക്കൽ ഉപകരണ സ്റ്റോറുകൾ/നഴ്സിങ് ഹോംസ്/ആംബുലൻസുകൾ/അനുബന്ധ സേവനങ്ങളും ജീവനക്കാരുടെ യാത്രയും അനുവദനീയമാണ്.

ടോൾ ബൂത്ത് അനുവദനീയമാണ്.
പ്രിന്റ്, ഇലക്ട്രോണിക്, വിഷ്വൽ, സോഷ്യൽ മീഡിയകള്‍ അനുവദനീയമാണ്.

ശുചീകരണ പ്രവർത്തനങ്ങൾ അനുവദനീയമാണ്.

അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കുള്ള വർക്ക് ഷോപ്പുകൾ പ്രവര്‍ത്തിക്കാവുന്നതാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments