എണ്ണസമ്പത്തിന്റെ കുത്തക സ്വന്തമാക്കി സമ്പന്നതയുടെ പരകോടിയിലേക്ക് ഉയര്‍ന്നു കയറിയ ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രം നുമുക്ക് ഏവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഈ വഴിയിലൂടെ സഞ്ചരിക്കാനുള്ള ഭാഗ്യം ഇന്ത്യയേയും തേടി എത്തിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്തയാണ് പുതുതായി പുറത്തു വരുന്നത്. വാഹനമേഖലയില്‍ ഇലക്ട്രിക് യുഗം ആരംഭിച്ചു കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തില്‍ ഊര്‍ജം ശേഖരിക്കാനുള്ള ബാറ്ററിയുടെ നിര്‍മ്മാണമാണ് ഏറെ പ്രാധാന്യമുള്ളത്. ലോകത്ത് കുറച്ച് മാത്രം ലഭ്യതയുള്ള ലിഥിയമാണ് ബാറ്ററി നിര്‍മ്മാണത്തിനായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഈ ലിഥിയത്തിന്റെ വന്‍ ശേഖരം കര്‍ണാടകയിലെ മാണ്ഡ്യയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യാസ് ആറ്റോമിക് എനര്‍ജി കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ്റോമിക് മിനറല്‍ ഡയറക്ടറേറ്റിലെ ഗവേഷകരുടെ സംഘമാണ ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയിലെ സിലിക്കണ്‍ വാലിയെന്ന വിശേഷണമുള്ള ബംഗളൂരുവില്‍ നിന്നും കേവലം നൂറ് കിലോമീറ്റര്‍ ദൂരം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മാണ്ഡ്യ. ഇവിടെ 14,100 ടണ്‍ ലിഥിയം ശേഖരമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇപ്പോള്‍ ലിഥിയം പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 120 കോടി ഡോളറാണ് ഇതിനായി മാത്രം ചെലവഴിച്ചത്.






















