ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ കടുത്ത പ്രതിഷേധം. ഫീസ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിനിറങ്ങിയത്. മുദ്രാവാക്യങ്ങളുമായി പുറത്തേക്കിറങ്ങിയ വിദ്യാര്‍ത്ഥികളെ ബാരിക്കേഡ് വെച്ചു പൊലീസ് തടഞ്ഞു. ഇതിനിടെ സര്‍വകലാശാലാ പരിസരത്ത് പോലീസുമായി നേരിയ സംഘര്‍ഷവുമുണ്ടായി.
ഫീസ് വര്‍ധന നടപ്പിലാക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് സര്‍വകലാശാലാ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ ഉയര്‍ത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ അധികൃതര്‍ പുറത്തിറക്കിയിരുന്നു. ഫീസ് വര്‍ധനയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്നലെ ക്യാംപസ് പരിസരത്ത് ഒത്തുകൂടിയിരുന്നു. എന്നാല്‍ പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടായിരുന്നു സര്‍വകലാശാല അധികൃതര്‍ . തുടര്‍ന്ന് ഇന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
സര്‍വകലാശാലയില്‍ കോണ്‍വെക്കേഷന്‍ ചടങ്ങ് നടക്കുന്നതിനാല്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ എത്തിയിരുന്നു. ഇതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.