ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ നാളെ വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ എല്ലാവരും ഒരുപോലെ മുൻകരുതൽ പാലിക്കണമെന്നും കോവിഡ് പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
”ഒരു ഇടവേളക്ക് ശേഷം കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുന്ന നാളെ കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ്. എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് വാക്സീൻ പരമാവധി എല്ലാവർക്കും ലഭ്യമാക്കിയ സാഹചര്യത്തിലാണ് സ്കൂൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്”. കുട്ടികൾ നേരിട്ട് വിദ്യാലയങ്ങളിലേക്ക് എത്തുന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഉണർവുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.