കുത്തിക്കുത്തി ചുമയും ശ്വാസംമുട്ടലും അനുഭവപ്പെടുന്നെങ്കിൽ അതിനെ നിസാരവത്ക്കരിക്കരുത്. കൂടെക്കൂടെ ഈ അസുഖം ഉണ്ടാകുന്നുവെങ്കിൽ അത് “ബ്രോങ്കിയൽ ആസ്മ” യാകാനാണ് സാധ്യത. ഇത് കുട്ടികളിലും മുതിർന്നവരിലും കാണാറുണ്ട്. ഇസ്നോഫീലിയ ഒരു പ്രധാന കാരണമാകാം. കൂടാതെ, മറ്റ് പല കാരണങ്ങൾ ഉണ്ടെങ്കിലും ചില പദാർത്ഥങ്ങളോടുള്ള അലർജി, ശ്വാസകോശങ്ങളിലുള്ള ഇൻഫെക്ഷൻ എന്നിവയും കാരണമാകാം.
ഇസ്നോഫീലിയ എന്ന് പറയുന്നത് രക്തത്തിൽ ഉള്ള വെള്ള രക്താണുക്കളിലെ ഒരു ഘടകമായ ഇയോസിനോഫിൽ, സാധാരണയുള്ള 4 ശതമാനത്തിൽ നിന്ന് കൂടുന്ന അവസ്ഥയാണ്. അത് പല കാരണങ്ങൾ കൊണ്ട് കൂടാം. ഒരു തരം ഫൈലേറിയൻ ഇൻഫെക്ഷനും ഇസ്നോഫീലിയായും തമ്മിൽ ശാസ്ത്രീയമായി സാമ്യം ഉള്ളതിനാൽ രണ്ടിനും ഒരേ ചികിത്സയാണ് പ്രായോഗികമാക്കുന്നത്. ആസ്മ രോഗികൾക്കും കുറഞ്ഞ തോതിൽ ഇസ്നോഫീലിയ കാണാറുണ്ട്. അത് ആസ്മയ്ക്ക് ശമനം കിട്ടുമ്പോൾ മാറുന്നതായി കാണുന്നു. ശ്വാസകോശത്തിലുള്ള ഇൻഫെക്ഷൻ കൊണ്ടുള്ള ആസ്മയ്ക്ക് പ്രത്യേക ചികിത്സ വേണ്ടി വരും. അലർജി കൊണ്ടുള്ള ആസ്മ; അലർജിക്ക് എതിരായ മരുന്നു കൊണ്ട് മാത്രം മാറുകയില്ല. അതിന്, ഏത് പദാർത്ഥത്തിനോടാണോ അലർജി, ആ പ്രത്യേക വസ്തു തൊടാതെയും അതുമായി ബന്ധപ്പെടാതെയും ഇരിക്കണം.
പുഷ്പങ്ങളുടെ പരാഗങ്ങൾ, പലതരം പൊടികൾ, പഞ്ഞി, തൂവൽ, വളർത്തു മൃഗങ്ങളുടെ രോമങ്ങൾ, ചില രാസവസ്തുക്കൾ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. ചിലർക്ക് തുമ്മൽ, ജലദോഷം മുതലായ പ്രാരംഭ ലക്ഷണങ്ങൾക്ക് ശേഷം ആസ്മ അനുഭവപ്പെടാറുണ്ട്.
അലർജിക്ക് നിദാനമായ വസ്തുക്കളെ നിത്യ ജീവിതത്തിൽ നിന്നും ഒഴിവാക്കുകയാണ് അലർജി രോഗങ്ങൾക്കുളള ചികിത്സ. എന്നാൽ, ഇത് പ്രായോഗികമല്ല. അലർജിക്ക് കാരണമായിട്ടുള്ള വസ്തുക്കളെ കുറഞ്ഞ സാന്ദ്രതയിൽ രോഗികളിൽ കുത്തിവെച്ച് പ്രതിരോധ വസ്തുക്കളെ രക്തത്തിൽ ഉത്പാദിപ്പിക്കാൻ സാധിക്കും. കൂടാതെ, ആസ്മയ്ക്ക് പല വിധത്തിലുള്ള മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. ഗുളിക രൂപത്തിലും ഇൻഹെയ്ലർ രൂപത്തിലും. ആസ്മയ്ക്കുള്ള കാരണം X – റേ എടുത്തും രക്തം പരിശോധിച്ചും കണ്ടു പിടിക്കാവുന്നതാണ്. അതിന് ശേഷം പ്രത്യേക ചികിത്സ ചെയ്താൽ അസുഖം ഇല്ലാതാക്കാനാവും.
