12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് തുടക്കമായി. പൂജാ വേളയിലെ ചിത്രങ്ങൾ പങ്കിട്ടു കൊണ്ട് സംവിധായകൻ ഷാജി കൈലാസും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമാണ് സിനിമ തുടങ്ങിയ വിവരം അറിയിച്ചത്. 2009 ൽ റിലീസ് ചെയ്ത റെഡ് ചിലീസ് എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ- ഷാജി കൈലാസ് ചിത്രം.
1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ എന്ന സൂപ്പർ ഹിറ്റ് ചിത്രം മുതലാണ് മോഹൻലാൽ -ഷാജി കൈലാസ് ടീം മലയാള സിനിമയിൽ വിജയം കൊയ്യാൻ ആരംഭിച്ചത്. മോഹൻലാലും മഞ്ജു വാര്യരും നായികാനായകന്മാരായ ചിത്രം ബോക്സ് ഓഫീസിൽ 7.5 കോടി രൂപ കളക്ഷൻ നേടി. 250 ദിവസത്തിന് മേൽ തുടർച്ചയായി തിയേറ്ററുകളിൽ ഓടിയ ചിത്രം മോഹൻലാൽ നായകനായ ചന്ദ്രലേഖയുടെ റെക്കോർഡ് ആണ് ഭേദിച്ചത്. കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ എന്ന കില്ലാഡി അക്കാലത്തെ യുവ ജനതയുടെ ഹരമായി മാറി. ഈ വിജയ ഫോർമുല തന്നെ നരസിംഹം സിനിമയിലും ആവർത്തിച്ചു.
2000ത്തിൽ പുറത്തിറങ്ങിയ ചിത്രം മോഹൻലാലിൻറെ പൂവള്ളി ഇന്ദുചൂഡനായി അവതരിപ്പിച്ചു. രണ്ടു കോടി മുടക്കുമുതലിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ 22 കോടി തൂത്തുവാരി അതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായി മാറി. ഈ ചിത്രമാണ് ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയതും. മോഹൻലാൽ, ഐശ്വര്യ എന്നിവരായിരുന്നു നായകനും നായികയും.അതിൽപ്പിന്നീട് താണ്ഡവം (2002), നാട്ടുരാജാവ് (2004), ബാബാ കല്യാണി (2006), റെഡ് ചില്ലീസ് (2009) തുടങ്ങിയ സിനിമകൾ അവരുടേതായി ഇറങ്ങി. ആദ്യ ചിത്രങ്ങൾ പോലെ ഓളം സൃഷ്‌ടിച്ചില്ലെങ്കിലും ഇവയിലെ മോഹൻലാൽ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.