സോഷ്യല്‍ മീഡിയയിലെ താരമായിരുന്ന കളക്ടര്‍ ബ്രോ എന്നറിയപ്പെട്ടിരുന്ന കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്ത് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടി ഫെയ്സ് ബുക്കില്‍ സജീവമായി ഇടപെടല്‍ നടത്തിയിരുന്ന എന്‍ പ്രശാന്ത് അക്കൗണ്ട് പൂട്ടുകയാണെന്നറിയിച്ച് പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍.
‘വിഷം ചീറ്റുന്ന കോബ്രകളും മുദ്രകുത്താന്‍ മാത്രം അറിയാവുന്ന സംഘി-കൊങ്ങി-കമ്മി-സുഡാപ്പി-മഞ്ച് മാക്രിലോകത്ത് എന്തിനിങ്ങനെ ശ്വാസം പിടിച്ച് ജീവിക്കണം?’ എന്ന് പേരെടുത്ത് പറഞ്ഞ് ആക്ഷേപഹാസ്യം രചിച്ചിട്ടാണ് കളക്ടര്‍ ബ്രോ കരഞ്ഞു തളര്‍ന്ന് ഫേസ്ബുക്കിന്റെ പടിയിറങ്ങിയകത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇനി ഞാനിറങ്ങട്ടെ…
ഒന്നുരണ്ട് തവണ ഈയുള്ളവന്‍ ഫേസ് ബുക്കിലെ ഇഹലോകവാസം വിട്ട് സന്ന്യാസിയാവാന്‍ ഒരുമ്പെട്ടിറങ്ങിയതാണെന്ന് അറിയാമല്ലോ. അന്ന്, രാത്രിയുടെ ഏഴാം യാമത്തില്‍ നീലച്ചടയന്‍ പോലൊരു നീല ടിക്ക് തന്നെന്റെ മനസ്സ് മയക്കി സുക്കര്‍ ഭായ്. ചോദിക്കാതെ ടിക്ക് തന്ന ഭായ് എന്നെ വല്ലാതങ്ങ് തോല്‍പ്പിച്ച് കളഞ്ഞു. എന്നാല്‍ ഏറെ നാള്‍ കഴിയും മുന്‍പെ, ഫേസ് ബുക്കിലെ ലൗകിക ജീവിതത്തില്‍ വീണ്ടും വിരക്തി തോന്നി ഞാനിറങ്ങി. പടിപ്പുര കടന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ പ്രളയം. പ്രകൃതി അന്നെന്നെ തോല്‍പ്പിച്ചു. പിന്നെയും കുറേ നാളങ്ങനെ ഫേസ്ബുക്കാകുന്ന ലോകത്ത് ജീവിച്ചെന്ന് വരുത്തിത്തീര്‍ത്തു. ആര്‍ക്കോ വേണ്ടിയെന്ന പോലെ. ഒരു കൊല്ലത്തിലേറെയായി, പാട്ടുകളും അല്ലറ ചില്ലറ കമന്റുകളുമായി സമയം തള്ളി നീക്കി..
അറിയാതെ എന്റെ മനസ്സ് ഫ്‌ലാഷ് ബാക്ക് മോഡിലായിപ്പോകുന്നു.
ഞാനീ എഫ്ബി ലോകത്ത് പിച്ച വെച്ച കാലം. പരിചയമുള്ള പിച്ചക്കാരുപോലുമില്ലായിരുന്നു ഒന്ന് ടാഗ് ചെയ്യാന്‍. ഞങ്ങള്‍ ഗര്‍വ്വിതഗന്ധര്‍വ്വന്മാര്‍ക്ക് നിഷിദ്ധമാണീ താഴ്ന്ന ലോകമെന്ന് പറഞ്ഞ് മുകളിലുള്ളോര്‍ ഈയുള്ളവനെ ശാസിച്ചു. അന്ത്യയാമത്തിനു മുന്‍പേ ഈ ലോകത്ത് നിന്ന് മടങ്ങി വന്നില്ലെങ്കില്‍ കടുത്ത ശിക്ഷ വരെ വിധിച്ചിരുന്നു തമ്പുരാന്‍ (ആ സിനിമ പണ്ടേ കണ്ടിട്ടുള്ളതോണ്ട് ഞാന്‍ രക്ഷപ്പെട്ടു). ഹാ… അതൊക്കെ ഒരു കാലം! ഒന്ന് പാലാരിവെട്ടമടിച്ച് വന്നപ്പൊഴേക്കും അത്തരം ചിന്തകളില്‍ വിള്ളല്‍ വീണു. ഇന്ന് സീയെമ്മും പീയെമ്മും ഡിയെമ്മും എഫ്ബിയിലുണ്ട്. കിഫ്ബി വരെ എഫ്ബിയില്‍ ഉണ്ട്.
എന്നാല്‍ ഇവരാരും വന്നത് കൊണ്ട് ഈ ലോകം നന്നാവുന്നില്ല. മറിച്ച്, ഈ ലോകം മറ്റേ ലോകം പോലായി. അതെ, ശരിക്കും കേരളം പോലായി. വിഷം ചീറ്റുന്ന കോബ്രകളും മുദ്രകുത്താന്‍ മാത്രം അറിയാവുന്ന സംഘി-കൊങ്ങി-കമ്മി-സുഡാപ്പി-മഞ്ച് മാക്രിലോകത്ത് എന്തിനിങ്ങനെ ശ്വാസം പിടിച്ച് ജീവിക്കണം? ടോണിയുടെ ദോശ കാണാനോ? അതോ ബൈജുസ്വാമിയുടെ മുഖത്ത് വരച്ചിടുന്ന കാക്കക്കാഷ്ഠം പോലത്തെ ഡിസൈന്‍ കാണാനോ? ടൊവിനോയും പെണ്മണികളും കവര്‍ പേജിലുള്ള വനിതയുള്ളപ്പോള്‍ ദുരന്തേട്ടന്റെ എഴുത്തുകുത്തെഴുത്തുകള്‍ വായിക്കാനോ? നോ.
വിരക്തി വന്നാല്‍ വിട്ടിറങ്ങുക തന്നെ. ഈ എഫ്ബി ലോകത്തിനി എഴുതാന്‍ വയ്യ. എഴുത്തിനെക്കാള്‍ സംസാരം എളുപ്പമായിത്തോന്നുന്നത് സമയക്കുറവ് കൊണ്ടാണോ, മടി കൊണ്ടാണോ പ്രായമാവുന്നതിന്റെ ലക്ഷണമാണോ എന്നൊന്നും അറിയില്ല. ഒരുപക്ഷെ, പോഡ് കാസ്റ്റ്, യൂട്യൂബ് പോലുള്ള സംസാരിക്കുന്ന ലോകത്ത് ഈയുള്ളവന്‍ അവതരിക്കുമായിരിക്കും. പുനര്‍ജ്ജന്മത്തില്‍ വിശ്വാസമുള്ളവര്‍ക്ക് പോലും എവിടെ ജനിക്കുമെന്ന് ഉറപ്പില്ലല്ലോ. അറിഞ്ഞാല്‍ ഉടന്‍ അറിയിക്കാം.
ഒന്നും നശിപ്പിക്കാനോ തീര്‍ക്കാനോ, എന്തിനധികം പറയുന്നു, സംസാരിച്ച് നിര്‍ത്തിയ ഫോണ്‍ അദ്യം കട്ട് ചെയ്യാന്‍ പോലും എനിക്കിഷ്ടമല്ല. അതിനാല്‍ അക്കൗണ്ടിനെ ഇല്ലായ്മ ചെയ്യുന്നില്ല. എന്നെ ഇവിടെ കണ്ടാലും ഒന്ന് മനസ്സിലാക്കുക, അത് എഫ്ബിയിലെ ഭൗതിക ശരീരം മാത്രമാണ്. ഞാനിവിടെ ഇല്ല. ശരിക്കുള്ള ഞാന്‍ മറ്റെവിടെയോ ആണ്.