മാന്ത്രിക ലോകത്തിൽ മാസ്മര പ്രപഞ്ചം സൃഷ്ടിച്ച മജീഷ്യൻ ഗോപിനാഥ് മുതുകാട് നാലര പതിറ്റാണ്ടുകൾക്ക് ശേഷം, മാന്ത്രിക വിസ്മയം അവസാനിപ്പിച്ച്, ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനോടൊപ്പം കഴിയാൻ തീരുമാനിച്ചിരിക്കുന്നു.
തീർത്തും ആശാവക ഹവും മാതൃകാപരവുമായ ഒരു പ്രവർത്തി എന്നു വേണം ഇതിനെ വിശേഷിപ്പിക്കാൻ. മുതുകാടിന്റെ ഈ മന:സ്ഥിതിയ്ക് അത്രയേറെ പ്രശംസയർഹിക്കുന്നു.
വാരിക്കോരി പരസഹസ്രം ഉണ്ടാക്കിയാലും അതൊന്നും ശാശ്വതമല്ലെന്ന തിരിച്ചറിവാകാം ഒരു പക്ഷേ, മുതുകാടിനെ ഈ ചിന്താധാരയിലേക്ക് നയിച്ചതെന്ന് അനുമാനിക്കാം.
വലിയ സ്റ്റേജ് ഷോകൾ ഇല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെങ്കി ലും അദ്ദേഹത്തിന്റെ ലക്ഷ്യത്തിലേക്കുള്ള അടുത്ത മാന്ത്രിക സന്നിവേശം അല്ലെങ്കിൽ, പകർന്ന് നല്കൽ അവസാനിപ്പിച്ചിട്ടില്ലെന്ന് പറയാം. അത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി വിനിയോഗിക്കുമെന്നർത്ഥം.
നാലു വർഷമായി അദ്ദേഹത്തിന്റെ തന്നെ തിരുവനന്തപുരത്തെ ഡിഫന്റ്‌ലി ആർട്ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമാണ് മുതുകാടിന്റെ ജീവിതം. അവരോടൊപ്പമുള്ള ജീവിതവും സന്തോഷവുമാണ് ഏറെ സന്തോഷിപ്പിക്കുന്നതെന്ന് മുതുകാട് പറയുന്നു. മുതുകാടിന്റ ഈ തീരുമാനം മറ്റ് രംഗത്തുള്ള പ്രശസ്തരും അതിപ്രശസ്തരും ഒന്ന് ഇരുത്തി ചിന്തിക്കേണ്ടതാണ്.
മലയാള സിനിമാ രംഗത്ത് നിന്നും ഇനിയെങ്കിലും സ്വയമേ പിൻമാറേണ്ട ചില നായക താരങ്ങൾ മക്കളുടെ, കൊച്ചുമക്കളുടെ പ്രായം വരുന്ന പെൺകുട്ടികളോടൊപ്പം ആടി, പാടി ആയാസത്തോടെ തിമിർക്കുന്നത് കാണുമ്പോൾ ഏറെ സഹതാപമാണ് തോന്നുന്നത്. ഇത് സ്വയമേ അവർക്ക് തന്നെ തോന്നേണ്ടതാണ്. നിർഭാഗ്യവശാൽ, അതിന് തയ്യാറാകുകയോ മുതിരുകയോ ചെയ്ത് കാണുന്നില്ല. ശരിക്കും വൃദ്ധരായവരെന്ന് ഇവരെ പറയാമെങ്കിലും, ഇവർ സ്വയമേ പറഞ്ഞില്ലെങ്കിലും, അതിനെ അവരുടെ ഫാൻസുകാർ എന്ത് ജീവത്യാഗം ചെയ്തും അവരെ നായക പരിവേഷത്തിൽ തന്നെ നിർത്തി, വീണ്ടും വീണ്ടും പരിപോക്ഷിപ്പിക്കുകയാണ്.
ഈ താര നായകൻ മാർ എല്ലാം തന്നെ കോടാനു കോടിപതികളാണെന്നുള്ളത് ഒരിക്കലും വിസ്മയിക്കാനാവാത്തതാണ്.
യഥാർത്ഥത്തിൽ, ഇവർ ഈ സമൂഹത്തിന് വേണ്ടി എന്ത് നന്മയാണ് ഇവിടെ ചെയ്തത്? ഇവരെ വളർത്തി വലുതാക്കിയ പ്രേക്ഷകർ അല്ലെങ്കിൽ, ആരാധക വൃന്ദമെങ്കിലും ഇടയ്ക്ക് ഒരു ചോദ്യമെങ്കിലും ചോദിക്കാത്തത് നിർഭാഗ്യകരമാണ്.
പ്രിയപ്പെട്ട മജീഷ്യൻ മുതുകാട്, നിങ്ങൾക്ക് സമന്വയം ന്യൂസിന്റെ ആശംസകൾ!