മകന്‍ ധ്രുവിന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ വിക്രം. തിരുവനന്തപുരം പ്രസ്‌ക്ലബിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ധ്രുവ് ആദ്യമായി അഭിനയിച്ച ആദിത്യ വര്‍മ്മ എന്ന ചിത്രത്തെ പറ്റി സംസാരിക്കാനാണ് മകനും നടി പ്രിയാ ആനന്ദിനുമൊപ്പം വിക്രമുമെത്തിയത്. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മലയാളത്തിലെ ഇഷ്ടചിത്രം ഏതെന്ന് ചോദിച്ചപ്പോള്‍ കുമ്പളങ്ങി നൈറ്റ്‌സ് ആണെന്നാണ് ധ്രുവ് മറുപടി പറഞ്ഞത്. പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാനാണെന്നും പറഞ്ഞു. അച്ഛന്റെ പ്രിയപ്പെട്ട ചിത്രം രാവണ്‍ ആണെന്നായിരുന്നു മറുപടി. തന്റെ സിനിമയുടെ ഓരോ വര്‍ക്കിലും അച്ഛന്‍ വിക്രം ഇടപെട്ടതായി ധ്രുവ് പറഞ്ഞു. സുഹൃത്തുക്കളുമൊപ്പം അച്ഛന്റെ ചിത്രം തിയേറ്ററുകളില്‍ കാണുമ്പോള്‍ പ്രേക്ഷകരുടെ ആരവങ്ങള്‍ കേട്ട് താനും കൂകി വിളിക്കാറുണ്ടായിരുന്നെന്നും എന്നെങ്കിലും തന്റെ പേരും ഇത്തരത്തില്‍ സ്‌ക്രീനില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നതായും ധ്രുവ് പറഞ്ഞു. അച്ഛന്‍ അല്ലായിരുന്നെങ്കില്‍ കൂടി വിക്രമിന്റെ കടുത്ത ആരാധകനാകുമായിരുന്നു താനെന്നും ധ്രുവ് പറഞ്ഞു. തന്നെ മലയാളികള്‍ സ്വീകരിച്ചപോലെ മകന്റെ ചിത്രം എല്ലാവരും കാണണമെന്നും അനുഗ്രഹിക്കണമെന്നും വിക്രം പറഞ്ഞു.