25.6 C
Kollam
Wednesday, September 18, 2024
HomeMost Viewed"പലിശ കൃഷിയ്ക്ക് " കാർഷിക വായ്പ

“പലിശ കൃഷിയ്ക്ക് ” കാർഷിക വായ്പ

പലിശക്കൃഷിയ്ക്ക് കാർഷിക വായ്പ
– അയ്യപ്പൻ.

“പലിശക്കൃഷി’ ഇങ്ങനേയും ഒരു കൃഷിയോ എന്ന് ചിന്തിച്ചു പോകും. എന്നാൽ ഇത്തരം ഒരു കൃഷി ഇവിടെ നടന്നുവന്നിരുന്നു.
ദേശസാത്ക്കൃത ബാങ്കുകൾ വഴി ഈ കൃഷിയ്ക്ക് വായ്പയും നൽകിയിരുന്നു. സ്വർണ പണയത്തിന്മേൽ കാർഷിക വായ്പ. പലിശ വളരെ തുച്ഛം.7 ശതമാനം.കൃത്യമായി തിരിച്ചടച്ചാൽ 3 ശതമാനം സബ്സിഡി.അപ്പോൾ 4 ശതമാനം മാത്രം പലിശ. അതായത് 100 രൂപയ്ക്ക് ഒരു മാസം 33 പൈസ മാത്രം.
വായ്പ ലഭിക്കുവാൻ വലിയ കടമ്പകളൊന്നുമില്ല. സ്വർണാഭരണത്തിനു പുറമേ ഒരു ഫോട്ടോ, തിരിച്ചറിയൽ കാർഡിന്റെ കോപ്പി, കരമടച്ച രസീതിന്റെ കോപ്പി ( ആരുടെ പേരിലുള്ള സ്ഥലമായാലും മതി , അതിനൊരു സമ്മതപത്രം കൂടി വേണ്ടി വരും.) എന്നിവ മതി.
മൂന്ന് ലക്ഷം രൂപ വരെ ഒരാൾക്ക് ലഭിക്കും. ഒരു വർഷമാണ് കാലാവധി. കാലാവധിയ്ക്കകം പലിശ അടച്ചാൽ പണയം പുതുക്കി വയ്ക്കാം. വായ്പാതുകയായ മൂന്ന് ലക്ഷം മറ്റേതെങ്കിലും പണമിടപാടു സ്ഥാപനത്തിൽ സ്ഥിരനിക്ഷേപം നടത്തിയാൽ 9 മുതൽ 12 വരെ ശതമാനം നിരക്കിൽ പലിശ ലഭിക്കും. ഇതിനെയാണ് പലിശക്കൃഷി എന്നു പറയുന്നത്.
കൃഷി വായ്പ ആയതിനാൽ അതിന്റെ അപേക്ഷയിന്മേൽ ഏതു കൃഷിയാണ് നടത്തുന്നതെന്ന് രേഖപെടുത്തണം. നഗര പ്രദേശത്ത് ആകെയുള്ള അഞ്ചു സെന്റ് സ്ഥലത്ത് വീട് വച്ച് താമസിക്കുന്ന ‘കർഷകൻ’ മൂന്ന് ലക്ഷം രൂപ മുതൽ മുടക്കുന്ന ഏത് കൃഷിയാണ് ചെയ്യുന്നത്.
എന്നാൽ യഥാർത്ഥ കർഷകന് ഈ വായ്പാ പദ്ധതി വലിയ സഹായമായിരുന്നു എന്നത് എടുത്തു പറയേണ്ടുന്ന വസ്തുതയാണ്. തന്റെ സ്വന്തം സ്ഥലത്ത് കൃഷി ചെയ്യാൻ ആവശ്യമായ തുക മാത്രമേ യഥാർത്ഥ കർഷകൻ വായ്പയായി എടുക്കാറുള്ളൂ.( അതിനുള്ള സ്വർണ്ണാഭരണം മാത്രമേ കൈവശം കാണുകയുള്ളൂ.) ഇക്കൂട്ടരെ ബാങ്കിന് അലർജിയാണ്. കാരണം ഇവരിൽ ഭൂരിപക്ഷം പേർക്കും ഒരു ലക്ഷം രൂപായ്ക്ക് താഴെ മാത്രമേ ആവശ്യമായി വരികയുള്ളൂ. സ്വന്തം ഭൂമിയുടെ കരമടച്ച രസീതുമായി വരുന്ന ഈ പാവപ്പെട്ട കർഷകന് ഈ വായ്പാ പദ്ധതി ജീവി നോപാധി ആയിരുന്നു.
പക്ഷേ സ്വർണ പണയത്തിന്മേൽ കാർഷികവായ്പ എന്നത് പ്രയോജനപ്പെടുത്തിയിരുന്നത് ധാരാളം സ്വർണം സ്വന്തമായുള്ള, കൃഷിയുടെ ബാലപാഠം പോലുമറിയാത്ത വിഭാഗമായിരുന്നു. അവരുടെ ആകെ ലക്ഷ്യം പലിശ എന്ന വിളവ് കൊയ്യുക മാത്രമായിരുന്നു.
ഏതായാലും ഈ വായ്പാ പദ്ധതിയ്ക്ക് 2019 സെപ്തംബറിൽ തിരശീല വീണു. സംസ്ഥാന കൃഷിമന്തിയുടെ അഭ്യർത്ഥന പ്രകാരമാണ് റിസർവ് ബാങ്ക് ഈ പദ്ധതിയ്ക്ക് തടയിട്ടത്.
സ്വർണം കൈവശമുള്ളവർക്കെല്ലാം കാർഷിക വായ്പ മതി. ഇതിന് ബാങ്ക് അധികാരികളുടെപ്രോത്സാഹനവുമുണ്ട്. ബാങ്കിൽ ബിസിനസ് നടക്കുമല്ലോ. പണം ക്രയവിക്രയം നടത്താൻ ഏറ്റവും എളുപ്പമുള്ള വിദ്യയാക്കി മാറ്റി കാർഷിക വായ്പ . സ്വർണം ഈടായി ലഭിക്കുന്നതിനാൽ ബാങ്കിന് യാതൊരു റിസ്ക്കുമില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
റിസർവ് ബാങ്കിന്റെ ഉത്തരവ് നടപ്പാക്കിയതോടെ ബാങ്കുകളുടെ വായ്പാ പദ്ധതിയുടെ ഒരു പ്രധാന മാർഗമാണ് നിലച്ചത്. എങ്ങനേയും ഇതു നിലനിർത്തുകയോ, പുതുതായി ഒരു പദ്ധതി രൂപീകരിക്കുകയോ ചെയ്യേണ്ടത് ആവശ്യമായി വന്നു.
നിക്ഷേപ – വായ്പാ അനുപാതം ആകെ തകിടം മറിയും എന്ന അവസ്ഥയിലേക്ക് ബാങ്കുകൾ എത്തിപ്പെടുമെന്ന തരത്തിലായി. ഈ അനുപാതം സന്തുലിതാവസ്ഥയിൽ നിലനിർത്തണമെങ്കിൽ വായ്പകൾ വിതരണം ചെയ്തേ പറ്റൂ.
അങ്ങിനെയാണ് ബാങ്കുകളിൽ കേന്ദ്ര സർക്കാരിന്റെ ഒരു വായ്പാ പദ്ധതി സ്വർണ പണയം വഴി നടപ്പാക്കാൻ ആലോചിക്കുന്നത്. കെ.സി.സി. എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന കിസാൻ ക്രഡിറ്റ് കാർഡ്. കേന്ദ്ര സർക്കാരിന്റെ കെ സി സി യ്ക്ക് സ്വർണം ആവശ്യമില്ല. സ്ഥലമാണ് ആവശ്യം. യഥാർത്ഥ കർഷന് അവന്റെ കൃഷി ഭൂമി ഈടായി നൽകാം. അതിന്റെ അടിസ്ഥാനത്തിൽ ഓരോ കൃഷിക്കും ഓരോ നിരക്കനുസരിച്ചും, സ്ഥലത്തിന്റെ അളവനുസരിച്ചും വായ്പ ലഭിക്കും.
ഈ പദ്ധതിയെ ബാങ്കുകൾ സ്വർണം ഈടാക്കി മാറ്റി രൂപമാറ്റം നടത്താനുള്ള ശ്രമത്തിലാണ്. 1.60 ലക്ഷം രൂപവരെ സ്വർണമില്ലാതെ വായ്പ നൽകുക എന്നതാണ് കെ സി സി യുടെ നയം. ഇതിന് ബാങ്ക് ഫീൽഡ് ഓഫീസർ സ്ഥലം സന്ദർശിച്ച് സർട്ടിഫിക്കറ്റ് നൽകണം. സ്ഥലത്തിന്റെ കരമടച്ച രസീത് , പ്രമാണം എന്നിവയും ഹാജരാക്കേണ്ടിവരും. വായ്പ നൽകിയതിനു ശേഷവും കൃഷിയുടെ പുരോഗതി വിലയിരുത്താൻ ഓഫീസറുടെ സന്ദർശനമുണ്ടാകും. 1.60 ലക്ഷത്തിന് മുകളിൽ 3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് സ്വർണാഭരണങ്ങളും ഈടായി നൽകണം എന്നാണ് വ്യവസ്ഥ. തിരിച്ചടവിൽ കുഴപ്പമുണ്ടാകാതിരിക്കാനും അതിലൂടെ ബാങ്കിന് നഷ്ടമുണ്ടാകാതിരിക്കാനുമാണ് സ്വർണം ഈടായി വാങ്ങുന്നത്.
അപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന നിലയിലേക്ക് വരും. ഒരു സെന്റിന് പതിനായിരം രൂപയ്ക്ക് മുകളിൽ ചിലവ് വരുന്ന ഒരു കൃഷി കണ്ടുപിടിച്ച് ഏറ്റവും കുറച്ചു സ്ഥലം സ്വന്തമായുള്ള ‘ കർഷകന് ‘ കൂടുതൽ തുക വായ്പയായി നൽകിക്കൂടേ എന്നാണ് ബാങ്ക് ആലോചിക്കുന്നത്. എങ്ങനെയായാലും ഒരാൾക്ക് മൂന്നു ലക്ഷം രൂപാ വീതം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള ശ്രമത്തിലാണ് ബാങ്ക് . സ്വന്തം ഫീൽഡ് ഓഫീസർമാരെക്കൊണ്ട് ഒരു സർട്ടിഫിക്കറ്റ് തയ്യാറാക്കിയാൽ മതിയല്ലോ, സ്വർണം ഈടാക്കുന്നതിനാൽ പണം നഷ്ടപ്പെടുമെന്ന പേടിയും വേണ്ട. ഇടപാടുകാർക്ക് സ്വർണം ചാർജ് ഇല്ലാതെ ലോക്കറിൽ സുരക്ഷിതമായിരിക്കുകയും ചെയ്യും.
എന്നാൽ ഈ നീക്കത്തിന് ഒരു പരിധി വരെ തടയിടാനും, അർഹരായവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യമായ സബ്സിഡിയിലൂടെ കുറഞ്ഞ പലിശക്ക് പണം ലഭിക്കാനും അതാതിടങ്ങളിലെ കൃഷി ഓഫീസർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ഒരു നിബന്ധന കൂടി ചേർത്താൽ മതിയാകില്ലേ.. അതോടെ ഈ പലിശക്കൃഷിയിൽ നിന്നും കുറേപേർ പൂർണമായും ഒഴിവാകും.

- Advertisment -

Most Popular

- Advertisement -

Recent Comments