27.4 C
Kollam
Friday, October 4, 2024
HomeNewsആര്‍ബിഐ പലിശ നിരക്ക് ഉയര്‍ത്തി; മൂന്ന് ദിവസത്തെ പണനയ അവലോകന യോഗത്തിന് ശേഷം

ആര്‍ബിഐ പലിശ നിരക്ക് ഉയര്‍ത്തി; മൂന്ന് ദിവസത്തെ പണനയ അവലോകന യോഗത്തിന് ശേഷം

മൂന്ന് ദിവസത്തെ പണനയ അവലോകന യോഗത്തിന് ശേഷം ആര്‍ബിഐ പലിശ നിരക്ക് ഉയര്‍ത്തി. റിപ്പോ 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.9 ശതമാനമാക്കി. ഈ സാമ്പത്തിക വര്‍ഷത്തിലെ നാലാമത്തെ നിരക്ക് വര്‍ദ്ധനയാണ് ഇത്. രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായ എട്ടാം മാസവും ആര്‍ബിഐയുടെ പരിധിക്ക് മുകളില്‍ ആയതിനാല്‍ പലിശ നിരക്ക് വര്‍ദ്ധന വിപണി നിരീക്ഷകര്‍ പ്രവചിച്ചിരുന്നു.

റിപ്പോ ഉയര്‍ന്നതോടെ രാജ്യത്തെ ബാങ്കുകള്‍ വിവിധ നിക്ഷേപ, വായ്പാ പലിശകള്‍ ഉയര്‍ത്തിയേക്കും.
രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിനാണ് നിരക്ക് വര്‍ദ്ധനയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആഗോള സൂചികകള്‍ക്ക് അനുസൃതമായാണ് നിരക്കുകള്‍ ഉയര്‍ത്തുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് സൗകര്യം (എസ്ഡിഎഫ്) 5.6 ശതമാനമായും എംഎസ്എഫ്, ബാങ്ക് നിരക്ക് 6.15 ശതമാനമായും ഉയര്‍ത്തി.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ ഇതുവരെ റിപ്പോ നിരക്ക് 190 ബിപിഎസ് ഉയര്‍ത്തി. ജൂണിലെ എംപിസി യോഗത്തിന് ശേഷം 50 ബിപിഎസ് വര്‍ദ്ധിപ്പിച്ച് റിപ്പോ 5.4 ശതമാനമാക്കി. അതിനുമുന്‍പ് റിപ്പോ നിരക്ക് 4.9 ശതമാനം ആയിരുന്നു.
ആര്‍ബിഐയുടെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ പ്രവചനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനമായി നിലനിര്‍ത്തി, ജൂലൈ മുതല്‍ സെപ്തംബര്‍ വരെ 7.1 ശതമാനവും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 6.4 ശതമാനവും ജനുവരി മുതല്‍ മാര്‍ച്ച് വരെ 5.8 ശതമാനവുമാണ് സിപിഐ പണപ്പെരുപ്പം അനുമാനിച്ചിരിക്കുന്നത്.

എംപിസിയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ പ്രവചനം 7.2 ശതമാനമാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ ജിഡിപി വളര്‍ച്ച 6.7 ശതമാനമാണ്. കാര്‍ഷിക, സേവന മേഖലകളുടെ മികച്ച പ്രകടനം കാരണം ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ജൂണ്‍ കാലയളവില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 13.5 ശതമാനം വളര്‍ച്ച കൈവരിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments