25.8 C
Kollam
Friday, November 22, 2024
HomeLifestyleനിങ്ങള്‍ക്ക് കഷണ്ടി ഉണ്ടോ ? എങ്കില്‍ അപകര്‍ഷതാ ബോധം എന്തിന് ...ലോകം കൈ കുമ്പിളില്‍ കൊണ്ടു...

നിങ്ങള്‍ക്ക് കഷണ്ടി ഉണ്ടോ ? എങ്കില്‍ അപകര്‍ഷതാ ബോധം എന്തിന് …ലോകം കൈ കുമ്പിളില്‍ കൊണ്ടു നടന്ന രജനീകാന്തും ആന്ദ്രേ അഗാസിയും എന്തിനേറേ അനൂപം ഖേറും കഷണ്ടിയല്ലേ…

രാവിലെ പെണ്ണു കാണാന്‍ പോയപ്പോഴാണ് കാര്യം വ്യക്തമായത്. കൊച്ചിന് കഷണ്ടിയുള്ളതു കൊണ്ട് ചെക്കനെ വേണ്ട. ഇത് അവള്‍ പറഞ്ഞവസാനിക്കും മുമ്പ് പ്രളയത്തില്‍ ഒലിച്ചു പോയ വീട് പോലെയായി ബ്രോക്കറുടെ പിന്നെ ആണുങ്ങളുടെ മാനങ്ങളുടെ വീരൂറ്റിയ ഉശിരും ഉയിരും ഉള്ള എന്റെ അവസ്ഥ. പറയുന്നവന്റെ പേര് അനാഥന്‍ നിങ്ങള്‍ തല്‍ക്കാലം എന്നെ അങ്ങനെ പരിചയപ്പെടൂ..കഷണ്ടി കാരണം മുടങ്ങുന്ന എത്രാമത്തെ ആലോചന ആണ് ഇതെന്ന് അറിയില്ല. അങ്ങനെ എങ്കില്‍ ഗിന്നസ് ബുക്കില്‍ കയറി കൂടാമായിരുന്നു. അവള്‍ ബോള്‍ഡ് ആണ് അപ്പോള്‍ ഞാനോ ബാള്‍ഡ് . സൗന്ദര്യത്തിലെ ആകര്‍ഷണം ഒഴുകി പരക്കുന്ന മുടിയാണെന്ന പെണ്ണിന്റെ സങ്കല്‍പ്പത്തില്‍. അവള്‍ തേച്ചത് എന്നെ മാത്രമല്ല ആള്‍ കേരളാ അല്ല വേള്‍ഡിലെ തന്നെ കഷണ്ടി ഫാന്‍സ് അസോസിയേഷനെ ആണെന്ന് തോന്നിപ്പോയി. അപകര്‍ഷതാ ബോധത്തിന്റെ അഷ്ടമുടി കായലിലേക്ക് എന്നെ തള്ളി ഇട്ട വഞ്ചകി എന്നു വിളിക്കാന്‍ തോന്നി പോയി. പിന്നെ ഒട്ടും പകച്ചില്ല ചായ അകത്താക്കി അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ബ്യൂസിഫാലസ് എന്ന കുതിര പായുന്ന വേഗത്തില്‍ നടന്നു. എന്റെ നിരസിക്കപ്പെട്ട പ്രണയങ്ങള്‍ക്ക് പിന്നിലും ഈ കഷണ്ടി തന്നെയാണെന്ന ബോധം തന്നത് അവള്‍ ആയിരുന്നു. ഇവള്‍ അത് തുറന്നു പറഞ്ഞു; ചിലര്‍ അത് പറയാതെ പറഞ്ഞു. ആ മനോവേദനയില്‍ നിന്നും ഓടി ഒളിക്കാന്‍ എന്നെ സഹായിച്ചത് എന്റെ സുഹൃത്തുക്കള്‍ തന്നെ ആയിരുന്നു. അവരില്‍ ആരോ പറഞ്ഞു കഷണ്ടി ഉള്ളവര്‍ ചില്ലറക്കാരല്ലളിയാ.. അവര്‍ ഈ ലോകത്തിന്റെ തലവര തന്നെ മാറ്റി മറിച്ചവരാണ് . ഞാന്‍ തിരക്കി ആരൊക്കെ . അപ്പോള്‍ അവന്‍ പറഞ്ഞു സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, ഹിന്ദി നടന്‍ അനുപം ഖേര്‍ , അമരേഷ് പുരി പിന്നെ എന്തിന് ടെന്നീസ് ഇതിഹാസം ആന്ദ്രെ അഗാസി . ഒരു നിമിഷം ഒന്നു ഇരുത്തി വിളിച്ചു ഗുരുവായൂരപ്പാ.. മാത്രമല്ല പൊതുവേദികളില്‍ പോലും കഷണ്ടിയോടെ പ്രത്യക്ഷപ്പെടുന്ന സൂപ്പര്‍ താരം രജനീകാന്തിനോട് ധാരാളം ബഹുമാനവും തോന്നി .. എന്നിട്ട് ഞാന്‍ ഉറക്കെ പറഞ്ഞു ഞാന്‍ കഷണ്ടിയാടീ.. ഈ ലോകത്തെ മുഴുവന്‍ മാറ്റി മറിച്ച കഷണ്ടി തലയുടെ ഉടമ… നഷ്ടപ്പെട്ട എന്റെ മുടിയോട് ബൈബൈ പറഞ്ഞ് ഞാനും ഇറങ്ങി ലോകത്തെ മാറ്റിമറിക്കാന്‍ . അങ്ങു ദൂരെ അപ്പോഴും മഴതുള്ളികള്‍ ഫ്രെയിമില്‍ തട്ടി തെറിക്കുന്നുണ്ടായിരുന്നു. എന്നെ കഷണ്ടി എന്നു പറഞ്ഞു പുച്ഛിച്ചു പോയ പെണ്ണിന്റെ കണ്ണില്‍ നിന്നും എന്റെ കണ്ണിലേക്ക് പ്രവഹിച്ച അവഹേളനയുടെ പെരുമഴക്കാലമായ കണ്ണുനീര്‍ പോലെ …

Previous article
Next article
- Advertisment -

Most Popular

- Advertisement -

Recent Comments