26.5 C
Kollam
Saturday, July 27, 2024
HomeLifestyleലൈഫ് ഗുണഭോക്തൃ പട്ടിക ജനങ്ങളുടെ പരിഗണനയിലേക്ക്; പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു

ലൈഫ് ഗുണഭോക്തൃ പട്ടിക ജനങ്ങളുടെ പരിഗണനയിലേക്ക്; പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു

ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അര്‍ഹരായവരുടെ പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. 5,64,091 പേരാണ് പട്ടികയിലുള്ളത്. ഇതില്‍ 3,66,570 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 1,97,521 പേര്‍ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്. പട്ടികയില്‍ 1,14,557 പേര്‍ പട്ടികജാതി വിഭാഗത്തിലുള്ളവരും 16,661 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും ഉള്‍പ്പെടുന്നവരാണ്.

ജില്ലാ കളക്ടര്‍ അധ്യക്ഷനായ രണ്ടാം ഘട്ട അപ്പീല്‍ സമിതികള്‍ 14,009 അപ്പീലുകളും 89 ആക്ഷേപങ്ങളുമാണ് തീര്‍പ്പാക്കിയത്. അപ്പീല്‍/ആക്ഷേപങ്ങള്‍ സമയബന്ധിതമായി പരിശോധിച്ച് തീര്‍പ്പാക്കിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീട് ഉറപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് കുതിക്കുകയാണ്. കൃത്യമായ പരിശോധനകളിലൂടെ അര്‍ഹരായ ഒരാള്‍ പോലും വിട്ടുപോയിട്ടില്ലെന്നും അനര്‍ഹര്‍ കടന്നുകൂടിയിട്ടില്ലെന്നും ഉറപ്പാക്കണം. ഗ്രാമ/വാര്‍ഡ് സഭകള്‍ ഈ കാര്യം കൃത്യമായി പരിശോധിച്ച് ഗുണഭോക്തൃ പട്ടിക പുതുക്കാന്‍ ആവശ്യമായ നടപടികള്‍ സമയബന്ധിതമായും കൃത്യമായും നിര്‍വഹിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു

ഗ്രാമ/വാര്‍ഡ് സഭകളിലേക്ക് നാല് ഘട്ടങ്ങളിലൂടെ തയ്യാറാക്കിയ ലൈഫ് കരട് ഗുണഭോക്തൃ പട്ടികയാണ് ഗ്രാമസഭകള്‍ പരിശോധിക്കുന്നത്. മാനദണ്ഡങ്ങള്‍ വേണ്ടവിധം പരിശോധിച്ചിട്ടുണ്ടോ എന്നും മുന്‍ഗണനാക്രമം പരിഗണിക്കപ്പെട്ടിട്ടുണ്ടോ എന്നും ഗ്രാമസഭകള്‍ വിശകലനം ചെയ്യും. അനര്‍ഹന്‍ പട്ടികയിലുണ്ടെങ്കില്‍ ഒഴിവാക്കാനും, അര്‍ഹതയുള്ളയാള്‍ പട്ടികയില്‍ ഇല്ലെങ്കില്‍ ഉള്‍പ്പെടുത്താനും ഗ്രാമസഭകള്‍ക്ക് അവകാശമുണ്ട്. ഓരോ ഗുണഭോക്താവിന്റെയും കാര്യം ചര്‍ച്ച ചെയ്ത് തീരുമാനം മിനുട്ട്‌സില്‍ രേഖപ്പെടുത്തണം.

ലൈഫ് മാനദണ്ഡപ്രകാരം അര്‍ഹനാണ് എന്ന് ഗ്രാമ/വാര്‍ഡ് സഭയ്ക്ക് ബോധ്യമായാല്‍ മാത്രമേ ഉള്‍പ്പെടുത്താനാകൂ.
അനര്‍ഹരുടെ പട്ടികയിലെ ഒരാളെ അര്‍ഹരുടെ പട്ടികയിലേക്ക് മാറ്റുന്നുണ്ടെങ്കില്‍, അവരുടെ അര്‍ഹത തെളിയിക്കുന്ന രേഖ ഗ്രാമസഭാ/വാര്‍ഡ് സഭാ കണ്‍വീനര്‍ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് ലഭ്യമാക്കണം. രേഖ പരിശോധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് അര്‍ഹത ബോധ്യപ്പെട്ടാല്‍ പട്ടികയില്‍ ഓണ്‍ലൈനില്‍ മാറ്റംവരുത്താനാകും. ഏതെങ്കിലും താത്പര്യത്തിന്റെ പുറത്ത് തീരുമാനം എടുക്കാന്‍ അനുവദിക്കില്ല.

അര്‍ഹനല്ല എന്ന് ബോധ്യമായാല്‍ മാത്രമേ ഒഴിവാക്കലിന് ഗ്രാമ/വാര്‍ഡ് സഭയ്ക്ക് തീരുമാനിക്കാന്‍ കഴിയൂ.അര്‍ഹരായ ഗുണഭോക്താക്കളുടെ മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുള്ളത് 9 ക്ലേശഘടകങ്ങള്‍ പരിശോധിച്ചാണ്. ക്ലേശഘടകങ്ങള്‍ പരിഗണിക്കുന്നതില്‍ പിശക് വന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഗ്രാമ/വാര്‍ഡ് സഭകള്‍ക്ക് തിരുത്താനാകും. ക്ലേശഘടകം കൂട്ടിച്ചേര്‍ക്കാനോ ഒഴിവാക്കാനോ ഗ്രാമ/വാര്‍ഡ് സഭകള്‍ക്ക് അനുവാദമുണ്ടായിരിക്കും. മിനുട്‌സില്‍ രേഖപ്പെടുത്തി, അര്‍ഹത തെളിയിക്കുന്ന രേഖ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് കൈമാറണം. ക്ലേശ ഘടകങ്ങള്‍ ഒന്നുമില്ലാത്ത അര്‍ഹരായ കുടുംബങ്ങളുടെ മുന്‍ഗണനാക്രമം പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിട്ടുള്ളത്.

ഭൂരഹിതരുടെ അര്‍ഹതാ പട്ടികയിലുള്ളവരെ ഭൂമിയുള്ളവരുടെ പട്ടികയിലേക്കും തിരിച്ചും മാറ്റാനും ഗ്രാമ/വാര്‍ഡ് സഭകള്‍ക്ക് അവകാശമുണ്ട്. രേഖകള്‍ മുന്‍പ് നിര്‍ദേശിച്ചത് പോലെ ഗ്രാമ/വാര്‍ഡ് സഭാ കണ്‍വീനര്‍ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് കൈമാറണം. ഗുണഭോക്താവ് ഉള്‍പ്പെട്ട പട്ടികജാതി/പട്ടികവര്‍ഗ വിഭാഗം, മതം തുടങ്ങിയവ രേഖപ്പെടുത്തിയതില്‍ തെറ്റുകളുണ്ടെങ്കില്‍, തിരുത്തലിന് ഗ്രാമ/വാര്‍ഡ് സഭകള്‍ക്ക് നിര്‍ദേശിക്കാം.ഓഗസ്റ്റ് 5നകം ഗ്രാമ/വാര്‍ഡ് സഭകള്‍ പൂര്‍ത്തിയാക്കും. പുതുക്കിയ വിവരങ്ങള്‍ ഗ്രാമ/വാര്‍ഡ് സഭകള്‍ ചേര്‍ന്ന് രേഖകള്‍ പരിശോധിച്ച് കഴിഞ്ഞാലുടന്‍ തദ്ദേശ സ്ഥാപന സെക്രട്ടറി ലൈഫ് സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യണം. ഓഗസ്റ്റ് 10നുള്ളില്‍ ഈ നടപടി പൂര്‍ത്തീകരിക്കും. ഗ്രാമ/വാര്‍ഡ് സഭകള്‍ അംഗീകരിച്ച പട്ടിക ഓഗസ്റ്റ് 10 നകം പഞ്ചായത്ത്/നഗരസഭാ ഭരണസമിതികളും അംഗീകരിക്കും. ഓഗസ്റ്റ് 16നാണ് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments