27.9 C
Kollam
Saturday, December 7, 2024
HomeNewsCrimeവടകര കസ്റ്റഡി മരണം; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വടകര കസ്റ്റഡി മരണം; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വടകരയില്‍ കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വടകര താഴേ കോലോത്ത് പൊന്‍മേരിപറമ്പില്‍ സജീവന്‍ (42) മരിച്ച സംഭവത്തിലാണ് നടപടി. വടകര പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നിജീഷ്, എഎസ്‌ഐ അരുണ്‍, സിപിഒ ഗിരീഷ് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍ നായര്‍ സസ്‌പെന്‍ഡ് ചെയ്തത്. നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ടാ തെറ്റ് സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വ്യാഴാഴ്ച രാത്രിയാണ് സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വടകര തെരുവത്ത് വെച്ച് രണ്ട് കാറുകള്‍ തമ്മില്‍ അപകടം ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ റോഡില്‍ തര്‍ക്കമുണ്ടായി. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരില്‍, ഇതില്‍ ഒരു കാറില്‍ ഉണ്ടായിരുന്ന സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മദ്യപിച്ചെന്ന പേരില്‍ മര്‍ദിച്ചെന്നും സജീവന്‍ സ്റ്റേഷന് മുമ്പില്‍ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. രാത്രി 11.30 ഓടെയാണ് സംഭവം.സ്റ്റേഷനില്‍ വെച്ച് തന്നെ സജീവന്‍ നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മദ്യപിച്ച കാര്യം പൊലീസിനോട് സമ്മതിച്ചെന്നും ഉടന്‍ എസ്‌ഐ അടിച്ചെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു. 20 മിനിറ്റോളം സ്റ്റേഷനില്‍ ഉണ്ടായിരുന്നു. അവിടെനിന്ന് പുറത്തിറങ്ങിയപ്പോള്‍ സജീവന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സജീവനെ ഓട്ടോയില്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്തില്‍ അന്വേഷണം നടക്കുകയായിരുന്നു. പൊലീസ് നടപടിയില്‍ പ്രദേശത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ ഉണ്ടായിരിക്കുന്നത്.

ഇതിനിടെ, സജീവന്റെ മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. ജൂലൈ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

- Advertisment -

Most Popular

- Advertisement -

Recent Comments