കൊറോണ വൈറസ് സ്ഥിരീകരിച്ച വ്യക്തികളുമായി അടുത്തിടപഴകിയവരില്‍ ചിലര്‍ ആരോഗ്യവകുപ്പുമായി നിസ്സഹകരിക്കുന്നതായി പത്തനംതിട്ട ജില്ല കളക്ടര്‍ പി.ബി നൂഹ്. സമ്പര്‍ക്കപ്പട്ടികയിലുള്ള സഹകരിക്കാത്തവരെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് സഹായം തേടിയതായും അദ്ദേഹം വ്യക്തമാക്കി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങേണ്ട ആവശ്യമില്ലെന്നും, അവര്‍ക്ക് ഭക്ഷണം അതാതു വീടുകളിലെത്തിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
അതേസമയം നിരീക്ഷണത്തില്‍ ഇപ്പോഴും തുടരുന്ന 28 പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും കളക്ടര്‍ അറിയിച്ചു. നിലവില്‍ പത്തനംതിട്ടയില്‍ ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇറ്റലിയില്‍ നിന്നുമെത്തിയ ദമ്പതികളുടെ വയോധികരായ മാതാപിതാക്കള്‍ക്കും ബന്ധുക്കളായ ഐത്തലയ്ക്കടുത്ത് ജണ്ടായിക്കലിലെ അമ്മയ്ക്കും മകള്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വയോധികര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അറുപത്തിമൂന്നുകാരിയായ അമ്മയും ഇരുപത്തിയെട്ടുകാരിയായ മകളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുമാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 89 കാരിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ആദ്യം രോഗം ബാധിച്ച ഇറ്റലിയില്‍ നിന്നെത്തിയ ഭര്‍ത്താവും ഭാര്യയും മകനും പുറമേ, ഭര്‍ത്താവിന്റെ സഹോദരനും ഭാര്യയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുണ്ട്. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 14 ആയി ഉയര്‍ന്നു. കൊറോണ ബാധയെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന കൊച്ചിയിലെ മൂന്ന് വയസുകാരന്റെ മാതാപിതാക്കളില്‍ ഇന്നലെ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. അതേസമയം, രണ്ടുവയസുകാരിയുടെ ഉള്‍പ്പടെ 24പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും.