ലോക്ക് ഡൗണിന് ഉപാധികളോടെ ചില ഇളവുകൾ വരുത്തിയെങ്കിലും സമൂഹ അകലം പാലിക്കാനാവാതെ കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതി വ്യതിചലിച്ച് കാണുന്നു.
വിവിധയിനം കേസുകളിൽ പെട്ടവർ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തുമ്പോൾ, കേസ് വിളിക്കുന്ന സമയം കയറാൻ കൂട്ടം കൂടി നില്ക്കുന്ന ഒരു കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്.
വിളിക്കുമ്പോൾ കോടതിയിൽ കയറാനായില്ലങ്കിൽ അത് കൂടുതൽ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുന്നു.
പെറ്റി കേസുകൾ, മറ്റ് വിവിധ തരം കേസുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടവരാണ് കോടതിയിൽ കയറാൻ സമൂഹ അകലം പാലിക്കാനാവാതെ ബുദ്ധിമുട്ടുന്നത്.
കേസു വിളിക്കുമ്പോൾ കയറാനായില്ലെങ്കിൽ അത് മറ്റൊരു തരത്തിൽ കുരുക്കാവും. ചിലപ്പോൾ വാറന്റാകും.
ഇത് ഭയന്ന് കേസ് വിളിക്കുമ്പോൾ, കോടതിയിൽ കയറാനായി സമൂഹ അകലം പാലിക്കാനാവാതെ ഇവർ കൂട്ടം കൂടി നില്ക്കേണ്ട അവസ്ഥയാണുള്ളത്.
വിളിക്കുന്നവരുടെ പേരും കേസ് നമ്പരും കേൾക്കാൻ ലൗഡ് സ്പീക്കറിന്റെ അഭാവവും ഉള്ളതിനാൽ അല്പം അകലെ മാറി നില്ക്കാനും കഴിയാത്ത അവസ്ഥയാണുള്ളത്.
കോടതിയെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ നിഷ്ക്കർഷത പാലിക്കേണ്ടതാണെങ്കിലും നിർഭാഗ്യവശാൽ അതിന് കഴിയുന്നില്ല.
കോടതിക്ക് പൊതുവെ സ്ഥല സൗകര്യം കുറവായത് ഒരു ഘടകമാണെങ്കിലും സമൂഹ അകലം പാലിക്കുന്നതിൽ നിർദ്ദേശം നല്കാൻ കഴിയുന്നതാണ്.
ഇത്തരം സാഹചര്യത്തിൽ അതിനുള്ള സംവിധാനം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നാണ് പൊതുവെയുള്ള ആവശ്യം.