ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ കുറ്റക്കാര്‍ അല്ലെന്ന് കോടതി വിധിച്ചു. എല്ലാ പ്രതികളേയും കോടതി വെറുതേ വിട്ടു.
മസ്ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികൾക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും കോടതി. പള്ളി പൊളിച്ചതിന് തെളിവായി നൽകിയ ദൃശ്യങ്ങളും കോടതി തള്ളി.
കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വിമർശിച്ചു. ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചത്. സ്ഥലത്ത് ഒട്ടേറെപ്പേരുണ്ടായിരുന്നു. അവരിൽ ആരെങ്കിലുമാകാം കുറ്റക്കാരെന്നും കോടതി പറഞ്ഞു. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാർ യാദവാണ് വിധി പ്രസ്താവിച്ചത്. 2000 പേജാണ് വിധി പ്രസ്താവത്തിനുള്ളത്.
27 കൊല്ലം പഴക്കമുള്ള ക്രിമിനൽ കേസിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികൾ. 1992 ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് തകർക്കപ്പെടുന്നത്.
അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ വിഡിയോ കോൺഫറൻസിങ് വഴിയാണ് വിസ്തരിച്ചത്. ഇവരെല്ലാം കുറ്റം നിഷേധിച്ചിരുന്നു. അന്നത്തെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയെന്നാണ് വാദം.
48 പേരായിരുന്നു കേസിലെ പ്രതികൾ. 28 വർഷത്തിന് ശേഷം വിധി വരുമ്പോൾ ജീവിച്ചിരിക്കുന്ന 32 പ്രതികളിൽ 26 പേരാണ് കോടതിയിൽ ഹാജരായത്. വിനയ് കത്യാർ, ധരം ദാസ്, വേദാന്തി, ലല്ലു സിങ്, ചമ്പത്ത് റായ്, പവൻ പാണ്ഡേ തുടങ്ങിയവരാണ് കോടതിയിൽ ഹാജരായത്. മഹന്ത് നിത്യ ഗോപാൽ ദാസ്, കല്യാൺ സിങ് എന്നിവരെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് വിലക്കി.
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :https://chat.whatsapp.com/GaBTxhfUy3K2JjGtewQjum