ഓടുന്ന ട്രെയിനിലോ , റെയിൽവേ സ്റ്റേഷനിലോ , പ്ളാറ്റ് ഫോമിലോ എവിടെയോ ആകട്ടെ, റെയിൽവേ പൊലീസ് യാത്രക്കാർക്ക് തുണയുമായി വിളിപ്പാടകലെയുണ്ട് .
ആവശ്യക്കാർ 112 എന്ന നമ്പരിൽ വിളിച്ചാൽ ഉടൻ അവർ മിന്നൽ വേഗത്തിലെത്തും .
ഫോണിന്റെ ലൊക്കേഷൻ മനസിലാക്കി സമീപത്തെ പൊലീസ് സ്റ്റേഷനിൽ സന്ദേശം കൈമാറിയാലുടൻ പൊലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
രാത്രി, പകൽ വ്യത്യാസമില്ലാതെ ഇത് പ്രവർത്തനസജ്ജമായിരിക്കും.ഡി ജി പി ലോക് നാഥ് ബെഹ്‌റ ഇതിന്റെ ഉത്‌ഘാടനം നിർവ്വഹിച്ചു .
നോഡൽ ഓഫീസ് കേരളാ റെയിൽവേ പൊലീസ് കമാന്റ് ആന്റ് കൺട്രോൾ സെന്ററാണ് .
പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ആർ എസ് എസ് കമാൻഡ് സെന്ററിൽ ലഭിക്കുന്ന സന്ദേശങ്ങൾ സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പൊലീസുദ്യോഗസ്ഥർ ക്രോഡീകരിക്കും .
വിളിക്കുന്നത്, എത്തുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനസിലാക്കി തുടർ നടപടിക്കായി തമ്പാനൂരിലെ റെയിൽവേ പൊലീസ് കമാന്റ് ആൻഡ് കൺട്രോൾ സെന്ററിന് കൈമാറും.
ഇതുവഴി സംസ്ഥാനത്തെ ഏത് റെയിൽവേ സ്റ്റേഷനിലും ചുരുങ്ങിയ സമയത്തിനുള്ളിൽ പൊലീസ് സഹായം എത്തിക്കും.
112 ദേശീയ തലത്തിൽ തന്നെ റെയിൽവേ പൊലീസിന്റെ നമ്പരാണെങ്കിലും കേരളത്തിൽ ഈ സംവിധാനം ആരംഭിച്ചിരുന്നില്ല .