കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരാഴ്ച ലോക്ക് ഡൗൺ നടപ്പാക്കും. 8 ന് രാവിലെ ആറ് മുതലാണ് ലോക്ക് ഡൗൺ. മെയ് 16 വരെ സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ പലയിടങ്ങളിലും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനം രണ്ടാഴ്ചയായി സംസ്ഥാനത്ത് അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് രേഖപ്പെടുത്തിയത്. 41,953 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 38,896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് സർക്കാർ ലോക്ക്‌ഡൗണിലൂടെ ലക്ഷ്യമിടുന്നത്. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അൽപ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്.ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനത്തിൽ അറിയിക്കും.