മുംബൈയിൽ ഇന്ന് രാവിലെ മുതൽ ശക്തിയായ കാറ്റും മഴയും വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു. നവി മുംബൈയിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഉറാനിൽ മതിൽ തകർന്ന് ഒരാൾ മരിച്ചു, പാം ബീച്ച് റോഡിൽ തെരുവ് വിളക്ക് വീണതിനെ തുടർന്നും ഒരാൾ കൊല്ലപ്പെട്ടു.
മഹാരാഷ്ട്രയുടെ തീരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയും തിങ്കളാഴ്ച രാവിലെയോടെ മുംബൈ തീരത്തേക്ക് അടുക്കുകയും ചെയ്തതോടെ നഗരം അതീവ ജാഗ്രതയിലാണ്. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം മെയ് 17 ന് രാവിലെ 11 മുതൽ ഉച്ചക്ക് 4 വരെ പ്രവർത്തനം നിർത്തിവയ്ക്കും. മുംബൈയിലെ മോണോറെയിൽ സർവീസുകൾ ഒരു ദിവസത്തേക്ക് നിർത്തിവച്ചു കൂടാതെ ബാന്ദ്ര സീ ലിങ്ക് പാതയും അടച്ചു. സെൻട്രൽ റെയിൽവേയുടെ ലോക്കൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു.
അതിശക്തമായ ചുഴലിക്കാറ്റ് തീവ്രതയോടെയാണ് മുംബൈ തീരത്തേക്ക് അടുക്കുന്നതെന്നും ദേശീയ ദുരന്ത നിവാരണ സേനയും ഇന്ത്യൻ നാവികസേനയും അതീവ ജാഗ്രതയിലാണെന്നും ബി എം സി അധികൃതർ അറിയിച്ചു
മുംബൈയിൽ ഓറഞ്ചു അലർട്ട് പ്രഖാപിച്ചിരിക്കുകയാണ്. കൂടാതെ പാൽഘർ തുടങ്ങിയ തീര ദേശ പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
അഗ്നിശമന സേനയെയും രക്ഷാ പ്രവർത്തന സംഘങ്ങളെയും വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റി പാർപ്പിക്കുവാനായി നഗരത്തിലെ 24 വാർഡുകളിൽ അഞ്ച് താൽക്കാലിക ഷെൽട്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്.