സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുന്ന 21 അംഗ മന്ത്രിസഭയിൽ 17ഉം പുതുമുഖങ്ങൾ. സിപിഐ എമ്മിന്റെ 12 മന്ത്രിമാരിൽ പത്ത് പേരും ആദ്യമായി മന്ത്രിപദവിയിലെത്തുന്നവരാണ്. കഴിഞ്ഞ സർക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള സിപിഐ എം മന്ത്രിമാരെയെല്ലാം ഒഴിവാക്കാൻ സംസ്ഥാന കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. രണ്ട് വനിതകളും മുൻ സ്‌പീക്കർ കെ രാധാകൃഷ്‌ണനും (ചേലക്കര) അടങ്ങിയ മന്ത്രിമാരുടെ പട്ടികയാണ് അംഗീകരിച്ചത്. സിപിഐ എം നിയമസഭാ കക്ഷി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ തീരുമാനിച്ചു.
എം വി ഗോവിന്ദൻ (തളിപ്പറമ്പ്), കെ എൻ ബാലഗോപാൽ (കൊട്ടാരക്കര), പി രാജീവ് (കളമശ്ശേരി), വി എൻ വാസവൻ ( ഏറ്റുമാനൂർ), സജി ചെറിയാൻ (ചെങ്ങന്നൂർ), വി ശിവൻകുട്ടി (നേമം), മുഹമ്മദ് റിയാസ് (ബേപ്പൂർ), ഡോ. ആർ ബിന്ദു(ഇരിങ്ങാലക്കുട), വീണ ജോർജ് (ആറന്മുള), വി അബ്‌ദുറഹ്‌മാൻ (താനൂർ) എന്നിവരാണ് മന്ത്രിമാർ. തൃത്താലയിൽനിന്ന് വിജയിച്ച എം ബി രാജേഷ് സ്‌പീക്കറാകും. കെ കെ ശൈലജയെ പാർടി വിപ്പ് ആയും നിയമസഭാ കക്ഷി സെക്രട്ടറിയായി ടി പി രാമകൃഷ്‌ണനെയും തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ എളമരം കരീം അധ്യക്ഷനായി. സിപിഐയുടെ മന്ത്രിമാരായ നാലുപേരും പുതുമുഖങ്ങളാണ്. പി പ്രസാദ് (ചേർത്തല), കെ രാജൻ (ഒല്ലൂർ), ജെ ചിഞ്ചുറാണി (ചടയമംഗലം), ജി ആർ അനിൽ (നെടുമങ്ങാട്) എന്നിവരാണ് മന്ത്രിമാർ.
ചിറ്റയം ഗോപകുമാർ (അടൂർ) ആണ് ഡെപ്യൂട്ടി സ്‌പീക്കർ. റോഷി അഗസ്‌റ്റിനെ (ഇടുക്കി) മന്ത്രിയായും ഡോ. എൻ ജയരാജിനെ ചീഫ് വിപ്പായും കേരള കോൺഗ്രസ് എം തീരുമാനിച്ചു. അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), ആന്റണി രാജു ( ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവരെ മന്ത്രിമാരായി കഴിഞ്ഞ ദിവസം തീരുമാനിച്ചിട്ടുണ്ട്. നിലവിൽ മന്ത്രിമാരായ കെ കൃഷ്‌ണൻകുട്ടി (ജെഡിഎസ്), എ കെ ശശീന്ദ്രൻ (എൻസിപി) എന്നിവർ മന്ത്രിസഭയിൽ തുടരും. വൈകിട്ട് ചേർന്ന എൽഡിഎഫ് എംഎൽഎമാരുടെ യോഗം പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. തുടർന്ന് അദ്ദേഹം രാജ്‌ഭവനിലെത്തി ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അനുമതി തേടി.