അച്ചന്‍കോവിലാറ്റില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു. തഴക്കര കല്ലിമേല്‍ കളയ്ക്കാട്ട് പരേതരായ ഉണ്ണുണ്ണിയുടെയും പെണ്ണമ്മയുടെയും മകന്‍ കെ.ഒ. ജോര്‍ജിന്റെ മൃതദേഹമാണ് അച്ചന്‍കോവിലാറ്റില്‍ കണ്ടെത്തിയത്.
ജോര്‍ജ് മരിച്ചത് വാനിടിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികസൂചനയില്‍ സ്ഥിരീകരിച്ചതായി ചെങ്ങന്നൂര്‍ ഡിവൈ.എസ്പി ഡോ. ആര്‍. ജോസ് പറഞ്ഞു.
കൊല്ലകടവ് പാലത്തിനു പടിഞ്ഞാറ് പുത്തന്‍പാലത്തുകടവിനു സമീപം ചൊവ്വാഴ്ച രാവിലെയാണ് ജോര്‍ജിനെ മരിച്ചനിലയില്‍ കാണപ്പെട്ടത്.
ഞായറാഴ്ച വൈകീട്ട് നാലോടെ നിയന്ത്രണംവിട്ട ഒരു വാന്‍ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വാന്‍ ഓടിച്ചിരുന്ന കുന്നംതൊടുകയില്‍ അനന്തുവിനെ (24) രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
നിയന്ത്രണംവിട്ട വാന്‍ അച്ചന്‍കോവിലാറിന്റെ സംരക്ഷണഭിത്തിയിലും സമീപത്തെ മരത്തിലും ഇടിച്ചശേഷം തലകീഴായി ആറ്റിലേക്ക് മറിയുകയായിരുന്നു.
ചികിത്സയിലുള്ള അനന്തുവിന്റെ മൊഴിയെടുത്തപ്പോള്‍ വാന്‍ ആരെയോ ഇടിച്ചതായി പറഞ്ഞു. തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. റോഡിലെ വെള്ളക്കെട്ടിനു സമീപം അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തായാണ് മൃതദേഹം കിടന്നിരുന്നത്.