ടൗട്ടേ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മുംബൈ തീരത്ത് മുങ്ങിപ്പോയ ബാര്‍ജിലെ 37 പേരുടെ മൃതദേഹങ്ങള്‍ നാവിക സേന കണ്ടെത്തി. ഒ എന്‍ ജി സി തൊഴിലാളികളായ 38 പേരെ കണ്ടെത്താനായുള്ള തിരച്ചില്‍ തുടരുകയാണ്. പി-305 ബാര്‍ജിലെ 188 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. നേവിയുടെ ആറ് കപ്പലുകളും ഹെലികോപ്റ്ററുകളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടത്തില്‍പ്പെട്ട ബാര്‍ജില്‍ 29 മലയാളികളുണ്ടായിരുന്നു. ഇതില്‍ 22 പേര്‍ സുരക്ഷിതരാണ്.
ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച മുംബൈയില്‍നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ ബാര്‍ജ് മുങ്ങിപ്പോവുകയായിരുന്നു. എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന 261 പേരാണ് ഇതില്‍ ഉണ്ടായിരുന്നത്.രക്ഷപ്പെടുത്തിയവരേയും കണ്ടെടുത്ത മൃതദേഹങ്ങളും വഹിച്ചുകൊണ്ട് നാവികസേനയുടെ ഐ എന്‍ എസ് കൊച്ചി എന്ന കപ്പല്‍ ബുധനാഴ്ച മുംബൈ തുറമുഖത്തെത്തി. മറ്റൊരു ബാര്‍ജായ ഗാല്‍ കണ്‍സ്ട്രക്ടറിലെ 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു.