വനിത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു. ആറ്റിങ്ങല്‍ പച്ചംകുളത്താണ് ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ മേഖല കമ്മിറ്റി അംഗങ്ങളായ കീര്‍ത്തന, കാര്‍ത്തിക, സാന്ദ്ര, അഖില എന്നിവര്‍ ഈ ദൗത്യം ഏറ്റെടുത്തത്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍പോലും മടിച്ചുനില്‍ക്കുമ്പോള്‍ സധൈര്യത്തോടെ മുന്നോട്ടുവന്ന ഡി.വൈ.എഫ്.ഐ വനിതാ പ്രവര്‍ത്തകരെ പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും അനുമോദിച്ചു.
ആറ്റിങ്ങലില്‍ ആദ്യമായാണ് വനിതാ പ്രവര്‍ത്തകര്‍ ഈ ദൗത്യം ഏറ്റെടുക്കുന്നത്. ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗം അജിന്‍ പ്രഭയുടെ നേതൃത്വത്തില്‍ ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് മൃതദേഹം ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പച്ചംകുളം കമലാരംഗത്തില്‍ 74 കാരനായ മാധവന്‍നായരുടെ മൃതദേഹമാണ് ഡി.വൈ.എഫ്.ഐ വനിതാ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് സംസ്‌കരിച്ചത്.