പടിഞ്ഞാറെ കല്ലട വലിയപാടത്ത് ഏലതോട്ടിൽ വള്ളം മറിഞ്ഞു കാണാതായ രണ്ടു യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വലിയപാടം പടന്നയിൽ സേതുവിൻ്റെ മകൻ മിധുൻ നാഥ് (നന്ദു – 21 ) വലിയ പാടം പ്രണവത്തിൽ രഘുനാഥൻ പിള്ളയുടെ മകൻ ആദർശ് (24) എന്നിവരെയാണ് കണ്ടെത്തിയത്. മിഥുൻ നാഥിൻ്റെ മൃതദേഹം രാവിലെ വെള്ളത്തിൽ പൊങ്ങുകയും ആദർശിനെ മുങ്ങൽ വിദഗ്‌ധരും നാട്ടുകാരും ചേർന്ന് കണ്ടെത്തുകയുമായിരുന്നു. ആദർശ് ചെളിയിൽ പൂണ്ട നിലയിലായിരുന്നു . ശനിയാഴ്‌ച വൈകിട്ടാണ് സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കുന്നതിനായി വള്ളത്തിൽ പോയത്. ഇവരോടൊപ്പം ഉണ്ടായിരുന്ന പനത്തറ പുത്തൻവീട്ടിൽ അമൽ, കാഞ്ഞിരംവിള വടക്കതിൽ ശിവപ്രസാദ്, തുണ്ടിൽ ആദിത്യൻ എന്നിവർ രക്ഷപെട്ടു.ചെളിയും മണലും നീക്കം ചെയ്‌ത ചെന്നിക്കാട് ഭാഗത്ത് വലിയ ആഴമുള്ള സ്ഥലത്താണ് വള്ളം മറിഞ്ഞത്. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വള്ളമാണ് ഇവർ ഉപയോഗിച്ചിരുന്നത്. വള്ളം ഇതുവരെ കണ്ടെത്തിയില്ല. ഇരു മൃതദേഹങ്ങളും പോസ്റ്റ് മർട്ടത്തിനയി ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.