ഉത്ര കൊലക്കേസിൽ അന്തിമവാദം ഇന്ന് തുടങ്ങും. ഭാര്യ ഉത്രയെ പ്രതി സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന സംഭവത്തിലാണ് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിക്കു മുന്നിൽ അന്തിമ വാദം ആരംഭിക്കുന്നത്. സൂരജ് ഭാര്യയെ കൊലപ്പെടുത്താൻ ആദ്യം അണലിയെ കൊണ്ടും പിന്നീട് മൂർഖൻ പാമ്പിനെ കൊണ്ടുമാണ് രണ്ടുതവണയായി ശ്രമം നടത്തിയത്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജിന്റെ വാദമാണ് കേൾക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച പ്രതിഭാഗം സാക്ഷിവിസ്താരം പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലും ഹാജരാക്കിയിട്ടുണ്ട്. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും മൂന്ന് സി.ഡികൾ തൊണ്ടിമുതലായി ഹാജരാക്കുകയും ചെയ്തു.
ഡിജിറ്റൽ തെളിവുകൾ നേരിട്ടു പരിശോധിക്കേണ്ടതിനാൽ തുറന്ന കോടതിയിൽ കോവിഡ് മാനദണ്ഡം പാലിച്ചാണ് വാദം കേൾക്കുന്നത്. മുഖ്യപ്രതി സൂരജിനെ വീഡിയോ കോൺഫറൻസ് വഴിയാണ് വിചാരണ നടത്തുന്നത്.