കാബൂളിലെ അഭയാര്‍ത്ഥികളുമായി വന്നെത്തിയ യുഎസ് വ്യോമസേന വിമാനത്തിന്റെ അടിയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. യുഎസ് വ്യോമസേന സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദുരന്തമുണ്ടായ സാഹചര്യം അന്വേഷിക്കുമെന്നും യുഎസ് വ്യക്തമാക്കി. താലിബാന്‍ അഫ്ഗാന്‍ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ രക്ഷപ്പെടാനായി കാബൂള്‍ എയര്‍പോര്‍ട്ടില്‍ ജനങ്ങള്‍ തിരക്ക് കൂട്ടി. വിമാനത്തില്‍ കയറിപ്പറ്റാനായി ജനങ്ങള്‍ തിക്കിതിരക്കി. ഒടുവില്‍ തിക്കിനിറച്ചാണ് വിമാനം പുറപ്പെട്ടത്. വിമാനത്താവളത്തിലെ സുരക്ഷാസാഹചര്യം മോശമായ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുകയായിരുന്നു.
ഒഴിപ്പിക്കല്‍ നടപടികള്‍ക്കായുള്ള ചരക്ക് ഇറക്കാനായാണ് യുഎസ് വിമാനം കാബൂള്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്തതോടെ ആളുകള്‍ ഇരച്ചെത്തി. ഇതോടെ ചരക്ക് ഇറക്കുന്നതിനു മുന്‍പ് വിമാനം ആളുകളേയും കൊണ്ട് ടേക്ക് ഓഫ് ചെയ്യുകയായിരുന്നു.
വിമാനത്തിന്റെ പുറംഭാഗത്ത് തൂങ്ങി യാത്ര ചെയ്ത രണ്ട് പേര്‍ യാത്രയ്ക്കിടെ താഴേക്ക് വീണതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വന്നിരുന്നു.