കുണ്ടറ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ നീതി ഓണച്ചന്തയിൽ ഉപഭോക്താക്കളിൽനിന്ന് സാധനങ്ങൾക്ക് അധികവില വാങ്ങി വെട്ടിപ്പ് നടന്നു. പരാതിയെത്തുടർന്ന് ജില്ലാ ജോയിന്റ് രജിസ്‌ട്രാർ ഓണച്ചന്തയിലെത്തി ബിൽബുക്ക് ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തു. വെട്ടിപ്പ് സഹകരണ അസിസ്റ്റന്റ് രജിസ്‌ട്രാർ അന്വേഷിക്കും. നീതി ഓണച്ചന്ത പ്രവർത്തിക്കുന്നത് ആറുമുറിക്കടയിലെ ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടത്തിലാണ്. അധികവില വാങ്ങിയതായി പരാതി ഉയർന്നത് ആഗസ്‌ത് 17ന് ആണ്. 11 ഇനം സാധനങ്ങളടങ്ങിയ കിറ്റിലായിരുന്നു വെട്ടിപ്പ്. ഇത്രയും ഇനങ്ങൾക്ക് 722 രൂപ വാങ്ങുന്നതിനു പകരം ബില്ലിൽ 950 രൂപ എഴുതിനൽകി. ചിലർ ബില്ലിലെ തുക കൂട്ടിനോക്കിയപ്പോഴാണ് അധികവില ഈടാക്കിയതായി മനസ്സിലാക്കിയത്. ബില്ലുമായി ചെന്നപ്പോൾ 228 രൂപ തിരികെ നൽകി തടിയൂരി. തട്ടിപ്പ് വ്യാപകമായതോടെയാണ് ജോയിന്റ് രജിസ്‌ട്രാരുടെ അടുത്ത് പരാതി ചെന്നത്. അതേദിവസം തന്നെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി രേഖകൾ പിടികൂടുകയായിരുന്നു. തട്ടിപ്പു നടന്നതിന്റെ വിശദമായ അന്വേഷണത്തിന് സഹകരണ അസിസ്റ്റന്റ് രജിസ്‌ട്രാറെ ചുമതലപ്പെടുത്തിയതായി ജോയിന്റ് രജിസ്‌ട്രാർ പ്രവീൺദാസ് പറഞ്ഞു.