കൊല്ലം അഴീക്കലിൽ നിന്ന് മീൻ പിടിക്കാൻ പോയ വള്ളം മുങ്ങി 4 പേർ മരിച്ചു. വലിയഴീക്കൽ സ്വദേശികളായ സുദേവൻ, ശ്രീകുമാർ ,സുനിൽ ദത്ത്, തങ്കപ്പൻ എന്നിവരാണ് മരിച്ചത്. 16 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. 12 പേരെ കരക്കെത്തിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അഴീക്കൽ പൊഴിക്ക് സമീപം രാവിലെ 10.45 ഓടെയായിരുന്നു അപകടം.

അഴീക്കൽ ഹാർബറിൽ നിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ അഴീക്കൽ പൊഴിക്കടുത്താണ് അപകടം നടന്നത്. വലിയഴീക്കൽ തറയിൽകടവ് കാട്ടിൽ അരവിന്ദൻ്റെ ഉടമസ്ഥതയിൽ ഉള്ള ഓംകാരം എന്ന വള്ളമാണ് മുങ്ങിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലുമാണുള്ളത്.
