തെയ്യാട്ടം, തിറയാട്ടം, തീയാട്ട്, അപ്പൻകൂത്ത്, മുടിയേറ്റ്, കാളിയൂട്ട്, പാനേങ്കളി, മാരിയാട്ടം, മലയിക്കൂത്ത് തുടങ്ങി ഒട്ടനവധി അനുഷ്ഠാന കലകൾ ഇന്ന് മൺ മറയുകയാണ്.
വിരലിൽ എണ്ണാവുന്ന തൊഴിച്ച് കേരളത്തിന്റെ സാംസ്ക്കാരികതയ്ക്ക് ദിവ്യത്തവും അഭൗമവുമായ സംഭാവനകൾ നല്കിയ മിക്ക അനുഷ്ഠാന കലകളും നാടുനീങ്ങുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.
ഇത്തരം പ്രാചീന കലകളെ സംരക്ഷിക്കാൻ നിർഭാഗ്യവശാൽ, നമ്മുടെ സാംസ്ക്കാരിക പ്രവർത്തകർ പോലും മുന്നിട്ടിറങ്ങി കാണുന്നില്ല.
ഒരു നാടിന്റെ സംസ്ക്കാരത്തിന്റെ അടിക്കല്ലുകൾ പാകപ്പെട്ടിരിക്കുന്നത് നാടൻ കലാസമ്പത്തിലും ഇത്തരം ആചാര അനുഷ്ഠാന കലകളിലുമാണ്. ഇവയെ പരിപോക്ഷിപ്പിക്കാൻ സാംസ്ക്കാരിക വകുപ്പും ഒന്നും തന്നെ ചെയ്തു കാണുന്നില്ല.
തെയ്യവും തിറയും അനുഷ്ഠാന കലകളിൽ പ്രമുഖ സ്ഥാനം വഹിക്കുന്നു. ദേവതകളെ വേഷമണിഞ്ഞ് കെട്ടിയാടിക്കുകയാണ് അതിന്റെ സ്വഭാവം.
അനുഷ്ഠാനത്തിൽ നിന്നാണത്രെ നാടകോത്പത്തി എന്ന തത്വം പൗരസ്ത്യരും പാശ്ചാത്യരും അംഗീകരിച്ചത്. അനുഷ്ഠാന കലകളിൽ നിന്ന് അനുഷ്ഠാനത്തെ വേർപെടുത്തിയാൽ അവയുടെ ആത്മ ചൈതന്യം നഷ്ടമാകും. അനുഷ്ഠാനമെന്ന ക്രിയാംശത്തിലൂടെയാണ് നാടൻ കലകൾ മിക്കതും “മിത്തു” ക്കളുടെ ലോകം സൃഷ്ടിക്കുന്നത്. നരവംശ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ പുരാവൃത്തം അഥവാ, മിത്ത് അനുഷ്ഠാനത്തിന്റെ അനുകരണമാണ്.

നമ്മുടെ അനുഷ്ഠാന കലകൾ കൂത്ത്, ആട്ടം, ആട്ട്, പാട്ട്, ഊട്ട്, തുള്ളൽ, കളി എന്നിങ്ങനെയുള്ള ചില പൊതു പേരുകളിലാണ് അറിയപ്പെടുന്നത്.
കന്നൽകൂത്ത്, മലയിക്കൂത്ത്, വണ്ണാൻകൂത്ത്, ചുടലക്കൂത്ത്, കോതാമ്മൂരിയാട്ടം, തെയ്യാട്ടം, തിറയാട്ടം, കാവടിയാട്ടം, തീയാട്ട്, കളംപാട്ട്, ഗന്ധർവൻ പാട്ട്, കുറുന്തിനിപ്പാട്ട്, പുള്ളുവൻ പാട്ട്, സർപ്പപ്പാട്ട്, കാളിയൂട്ട്, കോലം തുള്ളൽ, സർപ്പം തുള്ളൽ, ഭൂതം തുള്ളൽ, സംഘക്കളി, പൂരക്കളി, കുമ്മാട്ടിക്കളി, കണ്യാർകളി തുടങ്ങിയവ അതിന് തെളിവാണ്.
അതി സമ്പുഷ്ടവും വൈജ്ഞാനികവുമായ അനുഷ്ഠാന കലകൾ സംരക്ഷിക്കാൻ തലമുറകൾ വ്യാപൃതമാകേണ്ടതാണ്. അതി ഗാംഭീര്യതയും അനിർവചനീയ സൗഭഗവും പകർന്നാടുന്ന അനുഷ്ഠാന കലകൾ ഒന്നിനൊന്ന് അനുഭൂതിയും ആകാംഷയും ആശ്ചര്യവും തരുന്നവയാണ്. അതിലെ നാടകീയ അംശങ്ങൾ തീർത്തും അനുഭവവേദ്യമാകുമ്പോൾ, ഉൾക്കാഴ്ച തുറക്കുന്നതും ഉത്കൃഷ്ടമായ പരിവേഷം ആർജ്ജിക്കുന്നതുമാണ്.
ഇവിടെ സൂചിപ്പിക്കാത്ത എത്രയോ നാടൻ കലകളും അനുഷ്ഠാന കലകളും മൺമറഞ്ഞ് പോയതും പോകുന്നതും കാണുമ്പോൾ ഹൃദയ വേദനയോടല്ലാതെ ചിന്താക്കാനാവില്ല.
ഇവയൊക്കെ സംരക്ഷിക്കേണ്ട വർ അതിനെ ഇല്ലായ്മ ചെയ്യുന്ന പ്രവർത്തന പഥത്തിലേക്കാണ് നിർഭാഗ്യവശാൽ നീങ്ങി കാണുന്നത്.
ആർക്ക് ആരോടാണ് പ്രതിബദ്ധത! എന്ത് നഷ്ടപ്പെട്ടാലെന്ത്? എല്ലാറ്റിന്റെയും പേരിൽ പദ്ധതികൾ ഒരുക്കി പ്രഹസനമാക്കിയും കണ്ണിൽ പൊടിയിട്ടും കീശ വീർപ്പിക്കാനല്ലാതെ ആർക്കാണ് ധാർമ്മികതയുള്ളത്?
