നല്ല സുഗന്ധദ്രവ്യങ്ങൾ ഉന്മേഷദായകം

33

പുരാതന കാലം മുതൽ കേരളത്തിൽ പ്രത്യേകിച്ചും കൊല്ലം ജില്ലയിൽ വൈദേശിക ബന്ധം സ്ഥാപിക്കുന്നതിന് പ്രധാന കാരണമായത് സുഗന്ധദ്രവ്യങ്ങളാണ്. ഉഷ്ണമേഖലാ മഴക്കാടുകളിൽ ജന്മം കൊണ്ട പല സുഗന്ധ വ്യഞ്ജനങ്ങളും ഇതര മേഖലകളിലെ ജനങ്ങളുടെ ജീവിതവും ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇന്ന് ഇതൊക്കെ നഷ്ടപ്പെട്ടെങ്കിലും കൊല്ലത്ത് പേരിന് വേണ്ടിയെങ്കിലും സുഗന്ധദ്രവ്യങ്ങളുടെ ഒരു വഴിയോര കച്ചവടം നടന്നു വരുന്നത് ഏറ്റവും ശ്രദ്ധേയമാണ്.


ആഗോളാടിസ്ഥാനത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ 90 ശതമാനവും ഉപയോഗിക്കുന്നത് ഭക്ഷണാവശ്യത്തിനാണ്. ഭക്ഷ്യവസ്തുക്കൾക്ക് മണവും രുചിയും പ്രദാനം ചെയ്യുന്ന സസ്യജന്യ പദാർത്ഥങ്ങളാണിവ. സുഗന്ധവ്യഞ്ജനങ്ങൾ ഒട്ടനവധിയുണ്ടെങ്കിലും ചുക്ക്, കസ്തൂരി മഞ്ഞൾ, തക്കോലം, പനം കൽക്കണ്ട്, പഴയ കാല നൂൽ കായം, കറുത്ത എള്ള്, മണി കുന്തിരിക്കം, അയമോദകം, കസ്സ് കസ്സ്, തക്കോലം, നാടൻ കുരുമുളക്, നാടൻ ഗ്രാമ്പു, കരിംജീരകം. നാടൻ കറുവപ്പട്ട, വയന ഇല അഥവാ, ബയിൽ ലീഫ് എന്നിവയാണ്. കൂടാതെ, രക്തചന്ദനം, എണ്ണ കാച്ചാനുള്ള കൂട്ട് എന്നിവയും ലഭിക്കും. ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ നിന്നുമാണ് ഇത്തരം സുഗന്ധവ്യഞ്ജനങ്ങൾ ഇവിടെ എത്തിക്കുന്നത്. ഒരുപതിറ്റാണ്ടിലേറെയായി കൊല്ലം കേരളപുരം സ്വദേശികളായ അഞ്ചിൽ പരം ചെറുപ്പക്കാർ ഇതിന്റെ വ്യാപാരവുമായി രംഗത്തുണ്ട്. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും ഇവർ വില്പന നടത്തിവരുന്നു. കൊല്ലത്ത് ഹെഡ് പോസ്റ്റാഫീസിന് സമീപം വഴിയോരത്താണ് ഇവയുടെ ഇവിടെയുള്ള കച്ചവടം നടക്കുന്നത്. ഇപ്പോൾ കൊറോണ കാലമായതിനാൽ, കുറച്ച് ഇളവ് ലഭിച്ചതോടെ കച്ചവടം കടപ്പാക്കട മാർക്കറ്റിന് മുന്നിലാണ് നടക്കുന്നത്.

സുഗന്ധദ്രവ്യങ്ങൾ വാങ്ങുന്നതിന് നല്ല തിരക്ക് അനുഭവപ്പെടുന്നെങ്കിലും സമൂഹ അകലം പാലിച്ചാണ് കച്ചവടം.
ഇപ്പോൾ ഇറങ്ങുന്ന മിക്ക കായപ്പൊടിയിലും കായമില്ലെന്ന വസ്തുത ഏവർക്കും അറിയാവുന്ന സാഹചര്യത്തിൽ പഴയ കാല നൂൽ കായം തന്നെ ഒരു ഉദാഹരണമായി എടുത്തു പറയാവുന്നതാണ്. അതിന്റെ കായ സുഗന്ധം പുറം ചട്ട വേർപെടുത്തുമ്പോൾ തന്നെ അനുഭവേദ്യമാകുന്നതാണ്.
യാഥാർത്ഥ്യം പറഞ്ഞാൽ കടകളിൽ ആകർഷകമായ കവറുകളിൽ വരുന്ന ഇത്തരം സുഗന്ധവ്യഞ്ജനങ്ങൾ അഥവാ അവയുടെ ” കൂട്ടുകൾ ” കൃത്രിമത്വം കലർന്നതാണ്. ഇത്തരം നാടൻ വിഭവങ്ങൾ വാങ്ങി ” കൂട്ടുകളാക്കിയാൽ “അതു തന്നെ ഭക്ഷണത്തിന് രുചിയും മേന്മയും ഒക്കെ നല്കുമെന്നതിൽ ഒരു സംശയവും വേണ്ട!

LEAVE A REPLY

Please enter your comment!
Please enter your name here