29.9 C
Kollam
Friday, April 19, 2024
HomeLifestyleHealth & Fitnessകൊറോണ പഠിപ്പിക്കുന്ന അല്ലെങ്കിൽ പഠിപ്പിച്ച പാഠം

കൊറോണ പഠിപ്പിക്കുന്ന അല്ലെങ്കിൽ പഠിപ്പിച്ച പാഠം

കൊറോണ വന്നതോടെ ഒരുകണക്കിന് സ്വകാര്യ വൻകിട ആശുപത്രികളെല്ലാം നോക്കുകുത്തികളായി. ഈ രോഗികൾ ഒക്കെ എവിടെപ്പോയി? ദിവസവും ചീറിപ്പായുന്ന ആംബുലൻസുകളെല്ലാo എവിടെ ? അപ്പോൾ ഇവിടമെല്ലാം വ്യാവസായിക കേന്ദ്രമായിരുന്നില്ലേ എന്ന് കരുതാൻ ? ചെറിയൊരു ശ്വാസംമുട്ടൽ അല്ലെങ്കിൽ, ജലദോഷം, ചെറിയ നെഞ്ചുവേദന അതുമല്ലെങ്കിൽ, ഗ്യാസിൽ നിന്നുമുളള ഒരു അസുഖം; ഇതൊക്കെയായി ഇത്തരം ആശുപത്രികളെ സമീപിച്ചാൽ രോഗമില്ലാത്തവരും രോഗമുള്ളതായി മാറും. ആദ്യം സ്റ്റെതസ്കോപ്പ്; പിന്നെ രക്തസമ്മർദ്ദം, ഒപ്പം പ്രമേഹ പരിശോധന; വേണ്ടിവന്നാൽ ഇ സി ജി; അതിൽ നേരിയ വ്യത്യാസം തോന്നിയാൽ എക്കോ; ഇതിലൊന്നും പ്രകടമായില്ലെങ്കിൽ പിന്നെ ആൻജിയോഗ്രാം; ഇത്രയും ചെയ്തുകഴിയുമ്പോൾ രോഗവുമായി എത്തിയ ആൾക്ക് പ്രത്യേകിച്ച് ഒരു അസുഖവും ഇല്ലെന്ന് വെളിപ്പെടുത്തൽ; പിന്നെ ചെന്നതിന് വേണ്ടി കുറെ ആൻറി ബയോട്ടിക്കുകൾ;കൂടെ ഒരു ചോദ്യവും : മരുന്നിന് വല്ല അലർജിയും ഉണ്ടോ ? ഉണ്ടെങ്കിൽ പകരം ഇഞ്ചക്ഷൻ; ഇല്ലെങ്കിൽ ഗ്യാസിനുള്ള മരുന്നും. രോഗവുമായി എത്തിയയാളും സംതൃപ്തൻ; പ്രത്യേകിച്ചും ഒന്നും ഇല്ലല്ലോ എന്ന ആശ്വാസവും. ഇങ്ങനെ ആശ്വസിക്കാമെങ്കിലും ഇത്രയും പരിശോധനകൾക്കും മറ്റുമായി അടുത്തതായി വരുന്ന ബില്ല് ഒരിടിത്തീയ്ക്ക് പുറമെ, മറ്റൊരു ഹാർട്ട് അറ്റാക്കാണ് സമ്മാനിക്കുന്നത്. ഇതൊക്കെ മനസ്സിലാക്കാൻ ഈ കൊറോണ കാലം ഒരവസരമായത് വലിയൊരു ആശ്വാസമാണ്. കൂടാതെ, വാഹനാപകടമില്ല. ഭിക്ഷക്കാരില്ല. പിടിച്ച് പറിയില്ല. കരിഞ്ചന്തയില്ല. പൂഴ്ത്തിവെയ്പില്ല. അഥവാ ഉണ്ടായാൽ അതിന് ഉടൻ കടിഞ്ഞാൺ. അധികൃതർ ഉണർന്ന് പ്രവർത്തിക്കുന്ന സമയം. രാഷ്ട്രീയമില്ല. ഉണ്ടെങ്കിൽ പ്രയോജനമില്ല. കൂട്ടം ചേർന്നാൽ അകത്ത് . അതുകൊണ്ട് ആരുടെയും കളി കളിക്കളത്തിനു പുറത്ത്. ഏറ്റവും ആശ്വാസം : റോഡിൽ പ്രതിഷേധമില്ല. പ്രകടനമില്ല. റോഡ് അടച്ചു ഉത്സവങ്ങളില്ല. അങ്ങനെ അങ്ങനെ എന്തെല്ലാം…
ഇതെല്ലാം കൊറോണ ഇല്ലാത്തപ്പോഴും നാട് സാധാരണഗതിയിലാവുമ്പോൾ ആയിക്കൂടെ ? അതെങ്ങനെ …. അപ്പോൾ രാഷ്ട്രീയം ഇല്ലാതാവണം. രാഷ്ട്രീയപാർട്ടികൾ ഇല്ലാതാവണം. അതിന് കഴിയുമോ ? ഒരിക്കലും ചിന്തിക്കാനാവാത്തതും അപ്രാപ്യമാവാത്തതുമായ കാര്യം. രാഷ്ട്രീയമില്ലെങ്കിൽ ഭരണമുണ്ടോ? ഭരണാധികാരികളുണ്ടോ ? വർഗീയതയുണ്ടോ? എന്തിന് ദൈവങ്ങൾ വരെയുണ്ടോ? ദൈവങ്ങളെയും മതങ്ങളെയും വരെ രാഷ്ട്രീയവത്ക്കരിച്ചിരിക്കുന്ന കാലം ! ഈ യുദ്ധം; കൊറോണ യുദ്ധം നമ്മെ പഠിപ്പിക്കുന്നത് മറ്റൊരു സങ്കല്പത്തെയാണ്. മനുഷ്യൻ എത്ര വലിയവനായാലും ശാസ്ത്രം എത്ര പുരോഗമിച്ചാലും നിസ്സാരമായ ഒരു വൈറസിന്റെ മുമ്പിൽ ലോകം ഒരു മാഹാമാരിക്കും അപ്പുറമാണെന്ന് വേണം കരുതാൻ. നാൽപതിനായിരം അടി ചതുരശ്രമീറ്ററിൽ രാജകൊട്ടാരത്തിനെ വെല്ലുന്ന കൊട്ടാരം അല്ലെങ്കിൽ, സൗധം പണിഞ്ഞിട്ട് എന്തുപ്രയോജനം ? മരണം എല്ലാം കൊണ്ടുപോയില്ലേ ? അനുഭവിക്കാൻ യോഗമുണ്ടായോ? അതുകൊണ്ട് ആരും ലോകത്തെ കൈപ്പിടിയിൽ ഒതുക്കാമെന്ന് കരുതിയാൽ തെറ്റ്. ഒരു നിമിഷം മതി എല്ലാം ചീട്ടുകൊട്ടാരംപോലെ തകരാൻ !

- Advertisment -

Most Popular

- Advertisement -

Recent Comments