കർഷകന് കേവലം ജീവൻ നിലനിർത്താനുള്ള ആനുകൂല്യം നൽകലല്ല കൃഷി, മറിച്ച് അവന് സമൂഹത്തിൽ മാന്യമായ ജീവിത നിലവാരം പുലർത്താനുതകുന്നതാകണം. അതിന് പിന്തുണയും പിൻബലവും നൽകുന്നതാകണം കാർഷിക പദ്ധതികളും കാർഷിക നയങ്ങളും. കൃഷിയുമായി ബന്ധപ്പെട്ട നിയമങ്ങൾ സാധാരണക്കാരന്റെ മനസ്സിന്റെ പ്രതിഫലനമാകണം,കോർപ്പറേറ്റുകളുടെ ഇച്ഛാ പൂർത്തീകരണമാകരുത് എന്നും കൃഷിമന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു.
കൊല്ലം ടി. കെ.എം.ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ “ഭക്ഷ്യ കാർഷിക മേഖലയിൽ ഇന്ത്യയുടെ നയ വിവക്ഷ” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതുതരം കാർഷിക വിളകൾക്കും അനുയോജ്യമായ ഭൂപ്രകൃതിയാണ് നമ്മുടേത്. ലോക രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പന്ത്രണ്ട് മാസവും കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് രാജ്യത്തുള്ളത്. രാജ്യത്തിന്റെ ഈ സവിശേഷത ഉന്നമിട്ടാണ് കോർപറേറ്റുകൾ പലയിടങ്ങളിലും ഭൂമി സ്വന്തമാക്കിയിട്ടുള്ളത്. സാങ്കേതികവിദ്യ,കാർഷിക വിപണി,സൂപ്പർമാർക്കറ്റ് എന്നീ മൂന്നു മേഖലകളിലും കോർപ്പറേറ്റുകൾ ആധിപത്യം സ്ഥാപിക്കുവാൻ ശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ നിയമ സംഹിതകളും ഇവർക്ക് സഹായകരമാകുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. കാർഷിക പദ്ധതികളുടെയും നയങ്ങളുടെയും യഥാർത്ഥ ഗുണഭോക്താക്കൾ കർഷകരാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട് എന്നും മന്ത്രി സൂചിപ്പിച്ചു.
ശില്പശാലയ്ക്ക് മുന്നോടിയായി ടി.കെ.എം കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെയും കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കുറ്റിച്ചിറ അഞ്ചുപറ പാടശേഖരത്തിൽ ഞാറു നടീലും ,പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കോളേജ് ക്യാമ്പസിലെ പച്ചക്കറി കൃഷിയുടെ നടീലും വിദ്യാർത്ഥികൾക്കൊപ്പം ചേർന്നുകൊണ്ട് മന്ത്രി ഉദ്ഘാടനം ചെയ്തു.
ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷായുർവേദ കൂട്ടുകളുടെ നിർമ്മാണപ്രവർത്തനോ ദ്ഘാടനവും മന്ത്രി നിർവഹിച്ചു. കുണ്ടറ എം.എൽ.എ പി. സി വിഷ്ണു നാഥും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
കൃഷി ലാഭകര മാകണമെന്നും അതിന് കാർഷിക സംരംഭങ്ങൾ വളർന്നു വരണമെന്നും ആശംസാ പ്രസംഗത്തിൽ എം.എൽ.എ പി.സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.മികച്ച കർഷകയായി തിരഞ്ഞെടുത്ത കനകമ്മ ടീച്ചറെയും, മികച്ച സംരംഭകനായ അനിൽ കെ.എസിനെയും മന്ത്രി ആദരിക്കുകയുണ്ടായി.
26, 27 തീയതികളിലായി നടക്കുന്ന ദ്വിദിന ശില്പശാലയിൽ പി.ജി വിദ്യാർത്ഥികൾ, കേരള യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാർഥികൾ, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സർവകലാശാലയിലെ വിദ്യാർഥികൾ എന്നിവർ പങ്കെടുക്കുന്നുണ്ട്. കാർഷിക നയ നിയന്ത്രണവും ആശങ്കകളും, സുസ്ഥിര കാർഷിക വികസനം, കാർഷിക വിപണനവും അടിസ്ഥാനസൗകര്യങ്ങളും,സാമ്പത്തിക ഉൾപ്പെടുത്തലിൽ കാർഷിക മേഖലയുടെ പങ്ക് എന്നീ നാല് വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ശില്പശാല സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ ഡോ: രവി രാമൻ, ടി കെ എം ട്രസ്റ്റ് മെമ്പർ ജലാലുദ്ദീൻ മുസ്‌ലിയാർ, പ്രിൻസിപ്പാൾ ഡോ. ചിത്ര ഗോപിനാഥ്, എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ,ലത,ഡോ സിയാദ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീബ, കോൺഫറൻസ് കോർഡിനേറ്റർ ഡോ: സുൽഫിയ സമദ്, ടി.കെ. എം.കോളേജ് അസി. പ്രൊഫസർ മാരായ ഫിറോസ് ഖാൻ,നിയാസ്, തൻസീന ബായ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.