കൊല്ലം കല്ലു പാലം പണി ഇക്കണക്കിന് പോയാൽ യഥാർത്ഥ്യമാകുന്നത് അതി വിദൂരതയിലായിരിക്കും. വാക്കുപാലിക്കാൻ കഴിയാത്ത നേതൃനിരയും ഉദ്ദ്യോഗവൃന്ദങ്ങളും അവരുടെ പല്ലവി ഉരുവിട്ടു കൊണ്ടേയിരിക്കുന്നു. ഇത്രയും ജാള്യതയില്ലാത്ത ഒരു വർഗ്ഗം അന്തസാര ശൂന്യതയുടെ പര്യായത്തിനും അപ്പുറമായിരിക്കുന്നു.
നിർജ്ജീവമായ കോർപ്പറേഷനും കോർപ്പറേഷനെ കുറ്റം പറയുന്ന മുകേഷ് എം എൽ എയും അവരവരുടെ ഭാഗങ്ങൾ ന്യായീകരിക്കാൻ ശ്രമിക്കുന്നു. ഇവർ നേരിൽ കാണുമ്പോൾ കുശലതയും സ്നേഹ പ്രകടനങ്ങളും കാണിക്കുന്നതിൽ ഒരു യാഥാർത്ഥ്യതയുമില്ല. മാറിക്കഴിഞ്ഞാൽ ഉടൻ ഒളിയമ്പോടെ ഓരോരുത്തരേയും പഴി ചാരുന്നു. അപവാദങ്ങൾ പറയുന്നു. പിന്നെ, അവരവർ തന്നെയാണ് വലുതെന്ന് സ്വയം ന്യായീകരിക്കുന്നു. ഫലം വികസനം എല്ലാം വാക്കുകളിൽ മാത്രം. ഇത്രയും നാണം കെട്ട ഒരു വർഗ്ഗം. വല്ലാത്ത തൊലിക്കട്ടി തന്നെ. പ്രോട്ടോക്കോളിൽ എന്തെങ്കിലും പോരായ്മ വന്നാൽ ഓരോരുത്തർക്കും ദുരഭിമാനവും. ഏതായാലും കൊല്ലം കല്ലുപാലം പണി ഇക്കണക്കിന് പോയാൽ ഈ അടുത്ത കാലത്തൊന്നും മോചനം ലഭിക്കില്ലെന്ന് ഉറപ്പ്.
പ്രതിപക്ഷ പാർട്ടികൾ കാണിക്കുന്നതും തരികിട പരിപാടികൾ. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമായി ഒരമിതാവേശവും പിന്നെ, കുറെ മുദ്രാവാക്യങ്ങളും. ഇതെല്ലാം പൊതുജനങ്ങൾക്ക് കാണാമെന്നത് മാത്രം മിച്ചം. കാര്യം നടക്കണമെങ്കിൽ ആത്മാർത്ഥമായി രംഗത്തിറങ്ങണം. അല്ലാതെ, പ്രഹസനമായി ഇങ്ങനെ നടത്തുന്ന നാടകങ്ങൾ ആർക്കും വേണ്ടാത്തതാണ്.
അതിന്റേതായ വഴിയിലൂടെ ശക്തമായി പ്രതികരിക്കണം. അല്ലാതെ, എപ്പോഴെങ്കിലും വഴിപാടു പോലെ കോപ്രായങ്ങൾ കാണിച്ചിട്ട് ഒരു കാര്യവുമില്ല.
കൊല്ലം കല്ലുപാലത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നു; വാക്കുപാലിക്കാനാവാതെ ബന്ധപ്പെട്ടവർ
അഷ്ടമുടിക്കായൽ ശുചീകരണം എവിടം വരെയായി? കായലിലെ മാലിന്യങ്ങൾ വാരാനായി മാത്രം 10 ലക്ഷം രൂപാ. മാലിന്യം നീക്കിയെന്ന് പറയുന്നു. പക്ഷേ, ഇപ്പോഴും മുമ്പത്തെക്കാളും കൂടുതൽ മാലിന്യങ്ങൾ. നീക്കിയാലും നീങ്ങാത്ത ഈ മാലിന്യങ്ങൾ അഷ്ടമുടിക്കായലിന് എന്നും തീരാശാപം തന്നെ. ഇതിന്റെയൊക്കെ പിന്നിലെ ചേതോവികാരം മാത്രം ജനങ്ങൾ മനസ്സിലാക്കിയാൽ മതി.
കൊല്ലം ബീച്ച് എന്തായി?
എല്ലാത്തിനും രണ്ട് കാരണങ്ങളുണ്ട്. കോവിഡും പ്രളയവും. ഇവയെ പഴിചാരി രക്ഷപ്പെടാം.
ഇങ്ങനെ എത്രയെത്ര കാര്യങ്ങൾ …
ഇതിനെല്ലാം ഒരേയൊരു പരിഹാര മാർഗ്ഗമേയുള്ളു; ജനങ്ങൾ ഇനിയെങ്കിലും പ്രതികരിച്ച് തുടങ്ങുക. അല്ലെങ്കിൽ നിങ്ങൾ ഇനി വെറും കോവർ കഴുതകളായി മാറും. അങ്ങനെ വേണമോയെന്ന് ചിന്തിക്കുക.
ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നു: കൊല്ലം നഗരത്തിലെ ഹൃദയ ഭാഗങ്ങളിലെ ഏതെങ്കിലും റോഡിലൂടെ മനസ്സമാധാനമായി ഒന്ന് സഞ്ചരിക്കാനാവുമോ? അതും മാസങ്ങളായി. ഇതിനെതിരെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടന പ്രതികരിച്ചോ? അല്ലെങ്കിൽ പ്രതികരിക്കുന്നോ?
ജനങ്ങളുടെ പ്രതികരണ ശേഷിയെ വീണ്ടും വീണ്ടും പരീക്ഷിക്കുകയാണ്. ഇനി ഉണർന്നേ മതിയാകൂ. സമാധാനപരമായ മാർഗ്ഗത്തിലൂടെ ഇനിയെങ്കിലും ശക്തമായി പ്രതികരിക്കുക. മഹാത്മാ ഗാന്ധി കാട്ടിയ വഴി നമുക്കായി തുറന്ന് കിടക്കുകയാണ്.