സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ജനങ്ങളെ വിശ്വാസത്തിലെടുക്കണമായിരുന്നെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി ആരുടേയും ശത്രുവല്ല. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായെന്ന് സര്‍ക്കാരും കെ റെയിലും ആലോചിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. ഹര്‍ജികള്‍ അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും.സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈനില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഹൈക്കോടതിയില്‍ നിന്നും വീണ്ടും വിമര്‍ശനങ്ങളുയരുന്നത്.
സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ കാലാവധി ഒമ്പത് ജില്ലകളില്‍ തീര്‍ന്നു. പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടില്ല. കല്ലിടലിനു പകരം ഉള്ള ജിയോ മാപ്പിങ്ങും എങ്ങുമെത്തിയിട്ടില്ല.