26.6 C
Kollam
Wednesday, September 18, 2024
HomeNewsകൊട്ടാരം ആശുപത്രി പനിച്ച് വിറയ്ക്കുന്നു

കൊട്ടാരം ആശുപത്രി പനിച്ച് വിറയ്ക്കുന്നു

പൊന്മന മെറ്റേണിറ്റി ചൈൽഡ് ഹെൽത്ത് സെന്റർ തീർത്തും അവഗണന നേരിടുന്നു. കൊട്ടാരം ആശുപത്രി എന്നറിയപ്പെടുന്ന ആരോഗ്യകേന്ദ്രം രോഗികളായി  എത്തുന്നവരെക്കാള്‍ ഗുരുതരമായ രോഗാവസ്ഥയിലാണ്. തദേശവാസികള്‍ക്ക് സൗജന്യ ചികിത്സയ്ക്കായി 88 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ഈ ആരോഗ്യകേന്ദ്രം.

ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള വെല്‍ഫെയര്‍ ബോര്‍ഡിന്റെ കീഴിലാണ് ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ച് വരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ  കെ എം എം എല്‍ ഉം ഐ ആര്‍ ഇ യുമാണ്  ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനു വെല്‍ഫയര്‍ ബോര്‍ഡില്‍ ഫണ്ട്‌ നല്‍കുന്നത്. ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടർ ഉള്‍പ്പെടെ 4  ജീവനക്കാരാണ് ഉള്ളത്. ഫാര്‍മസിസ്റ്റ്, നേഴ്സ്, അറ്റ്‌ന്റെര്‍.

ഇവര്‍ കരാര്‍ അടിസ്ഥാനത്തിലാണ് പണിയെടുക്കുന്നത്. കഴിഞ്ഞ 4 മാസമായി ഇവര്‍ക്ക് വേതനം ലഭിക്കുന്നില്ലെന്ന് പറയുന്നു.

ആരോഗ്യ കേന്ദ്രത്ത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. യഥാര്‍ത്ഥത്തില്‍ വാക്കുകള്‍ക്കും അധീതമാണ്. മുറികളിലെ ചുവരുകളും മേല്‍ഭിത്തികളും എല്ലാം വെള്ളം ഇറങ്ങി ദ്രവിച്ച് ഏതു സമയവും  ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. ജീവനക്കാര്‍ക്ക് ഇരിക്കാനോ നിന്ന് ജോലി ചെയ്യാനോ പര്യാപ്തമായ ഒരു സംവിധാനവുമില്ല.

നിത്യവും നൂറിനോടടുപ്പിച്ച് രോഗികള്‍ ചികിത്സ തേടി ഇവിടെ എത്താറുണ്ട്. അവര്‍ക്കും ഇരിക്കാനുള്ള ഒരു സംവിധാനവും ആരോഗ്യകേന്ദ്രത്തില്‍ ഇല്ല.

കെട്ടിടത്തിന്റെ പ്രവേശനകവാടത്തില്‍ വെള്ളം കെട്ടി കിടക്കുന്നതിനാല്‍ അകത്തേക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ടാണ്.

സമീപത്തായി ബോര്‍ഡ് വെച്ചിട്ടുണ്ടെങ്കി ലും  കാലപ്പഴക്കത്താല്‍ അക്ഷരങ്ങള്‍ എല്ലാം മാഞ്ഞിട്ടുണ്ട്. കൂടാതെ ബോര്‍ഡില്‍ കാട് പന്തലിച്ചു കയറിയും കിടക്കുകയാണ്.

മുറ്റത്തെ ഉണങ്ങിയ പടുകൂറ്റന്‍ വൃക്ഷം ഏതു സമയവും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുകയാണ്. അത് കടപുഴകി വീണാല്‍ ഒരു വലിയ ദുരന്തമാകും ഉണ്ടാകുന്നത്.

ഇതെല്ലാം മുന്നില്‍ കണ്ടു ബന്ധപ്പെട്ടവര്‍ക്ക് ആരോഗ്യ കേന്ദ്രം ജീവനക്കാര്‍ പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് പറയുന്നു.

പ്രദേശത്ത് പൊന്‍മന കൂടാതെ, വെള്ളനാതുരുത്ത്, കരുത്തറ, തുടങ്ങിയ ഭാഗങ്ങളിലും മെറ്റെണിറ്റി ചൈല്‍ഡ് വെല്‍ഫയര്‍ സെന്ററുകള്‍ ഉണ്ട്. ഈ ആരോഗ്യ കേന്ദ്രങ്ങളും ഇതേ വെല്‍ഫയര്‍ ബോര്‍ഡിനു് കീഴിലാണ് പ്രവർത്തിക്കുന്നത്. മൂന്നു പഞ്ചായത്തുകളിലെയും പ്രസിഡന്റ്‌മാര്‍ ഈ ബോർഡിൽ അംഗങ്ങളുമാണ്.

പക്ഷെ ഇവരും ആരോഗ്യകേന്ദ്രങ്ങളെ സംരക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

മന്ത്രിക്കും, മനുഷ്യാവകാശ കമ്മിഷനും പരാതിനല്‍കിയിട്ടുണ്ട്.   എന്നിട്ടും ഒരു നടപടിയും  ആയില്ല.

വെല്‍ഫയര്‍ ബോര്‍ഡില്‍ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹാരം കാണാമെന്നു പ്രമേയം പാസ്സാക്കിയെങ്കിലും തുടര്‍ നടപടി വൈകുകയാണ്.

ഗവന്‍മെന്റ് തലത്തിലെ നടപടി ക്രമങ്ങളാണ് അതിനു കാരണമായി ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നത്.

ഏതായാലും ഇപ്പോള്‍, കൊട്ടാരം ആശുപത്രി സര്‍വ്വനാശം നേരിട്ടിരിക്കുകയാണ്. നടപടി വൈകിയാല്‍,  മറ്റെന്തെങ്കിലും സംഭവിച്ചാല്‍, അതിനു ഉത്തരം പറയേണ്ടത് ബന്ധപ്പെട്ടവരായിരിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട.

- Advertisment -

Most Popular

- Advertisement -

Recent Comments